നായന്മാര്‍ സ്വയംശാക്തീകരിക്കണം : സുരേഷ് ഗോപി

lal and suresh gopi
നായന്മാര്‍ സംവരണമാവശ്യപ്പെടുന്നതിനു പകരം സ്വയംശാക്തീകരിക്കുകയാണു വേണ്ടതെന്ന് നടന്‍ സുരേഷ് ഗോപി പറഞ്ഞു. ഇതിന് ‘നായര്‍ ബാങ്ക്’ എന്ന ആശയവും അദ്ദേഹം മുന്നോട്ടുവെച്ചു. ഗ്ലോബല്‍ എന്‍.എസ്.എസ്. സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ.അദ്വാനി ഉദ്ഘാടനംചെയ്തു.

നായന്മാരുടേതു മാത്രമായ സംവരണമുണ്ടാക്കിയെടുക്കണം. ഇതിന് സ്വയംശാക്തീകരിക്കണം. നായന്മാര്‍ക്ക് സംവരണം വേണ്ട, സമ്പ്രദായം മതി എന്ന നിലപാടെടുക്കണമെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

മന്നത്തു പത്മനാഭന്‍ വിഭാവനംചെയ്ത ‘എല്ലാവര്‍ക്കും തുല്യത’ എന്ന തത്ത്വം നിറവേറണമെങ്കില്‍ നായന്മാര്‍ സ്വന്തമായ സംവരണതത്ത്വം ആവിഷ്‌കരിക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇതിനുള്ള ഒരു വഴിയാണ് നൂറോ ഇരുനൂറോ കോടി ആസ്തിയുള്ള നായര്‍ ബാങ്ക്. ജോലിചെയ്തു കിട്ടുന്നതിലെ ഒരംശം നായര്‍ ബാങ്കിനു വിഹിതമായി നല്‍കും. ഞാന്‍ ഒരുകോടി കൊടുത്താല്‍ രണ്ടുകോടി നല്‍കാമെന്നാണ് മോഹന്‍ലാലിന്റെ വാഗ്ദാനം. പ്രിയദര്‍ശനടക്കമുള്ളവര്‍ സഹകരിക്കാമെന്നേറ്റു. ലോകമെമ്പാടുമുള്ള നായന്മാരുടെ സാമ്പത്തികസംഗമം ഇതിന്റെ ഭാഗമായി സംഘടിപ്പിക്കണം.

ജാതിക്കും മതത്തിനുമൊക്കെ അതീതമായി വാതില്‍ തുറന്നിട്ട സംഘടനയാണ് എന്‍.എസ്.എസ്സെന്ന് ശശി തരൂര്‍ എം.പി. പറഞ്ഞു. ചിലര്‍ ഗുരുവിനെ ഒരു ജാതിയിലേക്കുമാത്രം ചുരുക്കുന്ന ഇക്കാലത്ത് ജാതിക്കും മതത്തിനുമൊക്കെ അതീതമായ പ്രവര്‍ത്തനമാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍, രാഷ്ട്രപതിയുടെ മാധ്യമസെക്രട്ടറി വേണു രാജാമണി, സംവിധായകന്‍ മേജര്‍ രവി, ഗ്ലോബല്‍ എന്‍.എസ്.എസ്. പ്രസിഡന്റ് വിശ്വനാഥന്‍ വെണ്ണിയില്‍, സെക്രട്ടറി ജനറല്‍ എം.കെ.ജി.പിള്ള തുടങ്ങിയവരും സംസാരിച്ചു.