ഓർമയുടെ ഭ്രമണപഥത്തിൽ ഒരു ചാരക്കേസിന്റെ വിധി എഴുത്ത്!

ഐഎസ്‍ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ അകപ്പെട്ട ഐഎസ്‍ആര്‍ഒ ചാരക്കേസില്‍ അമ്പത് ലക്ഷം രൂപ അദ്ദേഹത്തിന് നഷ്‍ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി വിധി ഇന്നാണ് (2018 സെപ്റ്റംബര്‍ 14) വന്നത്. 1994ല്‍ വിവാദമായ ചാരക്കേസോടെ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയുടെ അന്നത്തെ മുന്‍നിര ശാസ്ത്രജ്ഞരില്‍പ്പെട്ട നമ്പി നാരായണനും ഡി ശശികുമാറും രാജ്യദ്രോഹികളായി മുദ്രകുത്തപ്പെട്ടു. അവരുടെ കരിയര്‍ അവസാനിച്ചു. ഇന്ന്, 28 വര്‍ഷങ്ങള്‍ക്കുശേഷം ലഭിക്കുന്ന നീതി എന്ത് അര്‍ഥത്തിലാണ് നമ്മള്‍ വ്യാഖ്യാനിക്കേണ്ടത്?

ആരാണ് നമ്പി നാരായണന്‍..?
ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ഐഎസ്ആര്‍ഒ (ഇന്ത്യന്‍ സ്‍പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍) യില്‍ ജോലി ചെയ്‍തിരുന്ന മുന്‍നിര ശാസ്ത്രജ്ഞന്മാരില്‍ ഒരാളായിരുന്നു മലയാളിയായ നമ്പി നാരായണന്‍. 1990കളില്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ക്രയോജനിക് റോക്കറ്റ് എന്‍ജിന്‍ പദ്ധതിയുടെ ഡയറക്റ്റര്‍ ആയിരുന്നു നമ്പി നാരായണന്‍.


1994 ഒക്റ്റോബറില്‍ മാലിദ്വീപ് പൗരത്വമുള്ള മറിയം റഷീദ എന്ന യുവതിയെ തിരുവനന്തപുരത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്‍തു. ക്രയോജനിക് എന്‍ജിന്‍ ഘടനയുടെ രൂപരേഖകള്‍ ഇവരുടെ കൈയില്‍ നിന്ന് കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ വാദിച്ചു. ഇത് ക്രയോജനിക് എന്‍ജിന്‍ രൂപരേഖകള്‍ ആയിരുന്നു. പാകിസ്ഥാനിലേക്ക് കൈമാറാന്‍ ആണ് രേഖകള്‍ ഇവരുടെ കൈയില്‍ ഉണ്ടായിരുന്നതെന്ന് പോലീസ്, ഇന്‍റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ ആരോപിച്ചു.

1994 നവംബര്‍ മാസം നമ്പി നാരായണന്‍ മറ്റു നാല് പേര്‍ക്കൊപ്പം അറസ്റ്റിലാകുന്നു.

ചാരക്കേസ് നിരന്തരം പത്രങ്ങളില്‍ വാര്‍ത്തയാകുന്നു. നമ്പി നാരായണന്‍ കുറ്റവാളിയായി ചിത്രീകരിക്കപ്പെടുന്നു. 1994 ഡിസംബറില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തു. പക്ഷേ, തെളിവുകള്‍ ഇല്ലെന്ന് ബോധ്യപ്പെട്ടു.

1996 ഏപ്രിലില്‍ സിബിഐ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് ഒരു ജുഡീഷ്യല്‍ കോടതിക്ക് മുന്‍പാകെ സമര്‍പ്പിച്ചു. കോടതി തെളിവുകളുടെ അഭാവത്തില്‍ നമ്പി നാരായണനെ വെറുതെവിട്ടു. അതേ വര്‍ഷം അധികാരത്തിലെത്തിയ ഇടതു സര്‍ക്കാര്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടു. ഇത് പിന്നീട് കോടതി റദ്ദാക്കി.

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ 2001ല്‍ നമ്പി നാരായണന് നഷ്‍ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ടു. നമ്പി നാരായണന്‍ നല്‍കിയ പരാതിയില്‍ ആയിരുന്നു ഈ ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍ ഇതിന് എതിരെ അപ്പീല്‍ നല്‍കി.

സെപ്റ്റംബര്‍ 2012ല്‍ ഹൈക്കോടതി 10 ലക്ഷം രൂപ നല്‍കണമെന്ന് വിധി പുറപ്പെടുവിച്ചു. മേയ് 2018ന് സുപ്രീംകോടതി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് 75 ലക്ഷം രൂപ നഷ്‍ടപരിഹാരം നല്‍കണമെന്ന് വിധിച്ചു.
ചാരക്കേസ് അന്വേഷിച്ച കേരള പോലീസ് ഡിഐജി സിബി മാത്യൂസ് ആണ് ജീവിതം നശിപ്പിച്ചതെന്നാണ് നമ്പി നാരായണന്‍ പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് നഷ്‍ടപരിഹാരം ആവശ്യപ്പെട്ട് നമ്പി നാരായണന്‍ കേസ് നല്‍കിയത്.

സുപ്രീംകോടതി, സിബി മാത്യൂസ് ഉള്‍പ്പെടെയുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍ സുപ്രീംകോടതി ജഡ്‍ജിമാര്‍ ആരെങ്കിലുമാകും അന്വേഷണത്തിന് നേതൃത്വം നല്‍കുക.