പ്രതിപക്ഷത്തിന് നേതാവ് ആരെന്നു പോലും അറിയില്ല, പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കും: നരേന്ദ്ര മോദി

കോണ്‍ഗ്രസിനെ അടക്കം പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിന്റെ 48 വര്‍ഷത്തെ ഭരണവും ബിജെപി സര്‍ക്കാരിന്റെ 48 മാസത്തെ ഭരണവും തമ്മില്‍ താരതമ്യം ചെയ്യാന്‍ പ്രതിപക്ഷത്തിന് സാധിക്കുമോ എന്നും മോദി വെല്ലുവിളിച്ചു. ബിജെപി ദേശീയ എക്‌സിക്യുട്ടീവ് യോഗത്തിലാണ് മോദി വെല്ലുവിളിച്ചത്.അടിച്ചിട്ട മുറിയില്‍ നടന്ന ദേശീയ എക്‌സിക്യുട്ടീവ് യോഗത്തിന് ശേഷം കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദാണ് മോദിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍ വിശദീകരിച്ചത്.

അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്ക് മോദി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അജയ് ഭാരത്, അടല്‍ ബിജെപി എന്നാണ് മോദി വിശേഷിപ്പിച്ചത്. ബിജെപി ഈ തത്വത്തില്‍ ഉറച്ചു നില്‍ക്കുന്ന കാലത്തോളം ഇന്ത്യയെ കീഴ്‌പ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലെന്നും മോദി പറഞ്ഞു.

പ്രതിപക്ഷ സഖ്യത്തിന് തങ്ങളുടെ നേതാവ് ആരെന്നു പോലും അറിയില്ല. ഒരുനയമോ നയപരിപാടികളോ ഇല്ലെന്നും മോദി പരിഹസിച്ചു. അടുത്ത തെരഞ്ഞെടുപ്പിലും ബിജെപി എല്ലാ മണ്ഡലങ്ങളിലും വിജയിക്കുമെന്നും മോദി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഉറപ്പു നല്‍കി.

ബിജെപിയെ വെല്ലുവിളിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാം തന്നെ അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരേ നില്‍ക്കാന്‍ അപര്യാപ്തരാണ്. അവര്‍ നുണകളുടെ പുറത്താണ് യുദ്ധം നടത്തുന്നത്. ഭരണത്തിലിരുന്നപ്പോള്‍ വലിയ പരാജയമായിരുന്നവരാണ് ഇപ്പോള്‍ പ്രതിപക്ഷത്തും പരാജയമായി മാറുന്നത്. നയങ്ങളുടെ പേരില്‍ ബിജെപി പൊരുതാന്‍ തയാറാണ്. പക്ഷെ നുണകളുടെ പേരില്‍ പോരാടാന്‍ തങ്ങള്‍ക്ക് അറിയില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.