ധന്യനിമിഷത്തില്‍ പ്രാര്‍ഥനയോടെ വിശുദ്ധ പ്രഖ്യാപന സമ്മേളനം

തിരുവനന്തപുരം: വിശ്വാസ വഴിയിലെ വിശുദ്ധിയിലൂടെ കേരളത്തിന് അഭിമാനമായി മാറിയ ചാവറ കുര്യാക്കോസ് ഏലിയാസച്ചനേയും എവുപ്രാസ്യമ്മയേയും തലസ്ഥാനത്തെ വിശ്വാസ സമൂഹം അനുസ്മരിച്ചു. ചാവറയച്ചനേയും എവുപ്രാസ്യമ്മയേയും വിശുദ്ധരായി ഉയര്‍ത്തുന്ന ചരിത്ര നിമിഷത്തിന് മുന്നോടിയായി തിരുവനന്തപുരത്ത് നടത്തിയ മഹാസമ്മേളനം ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്തു.

ഈശ്വരനെ സ്‌നേഹിക്കുന്നത് മനുഷ്യരെ സേവിക്കുന്നതിലൂടെയാണെന്ന് കാണിച്ചു തന്നവരാണ് ചാവറയച്ചനും എവുപ്രാസ്യമ്മയുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ചില മനുഷ്യരെ സമൂഹത്തിനു നന്മ ചെയ്യാനുള്ള ഉപകരണമാക്കി ദൈവം തിരഞ്ഞെടുക്കും. കേരളത്തില്‍ നിന്ന് അത്തരത്തില്‍ സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടവരാണ് ചാവറയച്ചനും എവുപ്രാസ്യമ്മയും. കേരളത്തിലെ കത്തോലിക്കാ സമൂഹത്തിനു ഇതില്‍ അഭിമാനിക്കാം. വിശുദ്ധന്‍ എന്നതിനൊപ്പം സാമൂഹ്യപരിഷ്‌കര്‍ത്താവായി കൂടി ചാവറയച്ചനെ കാണാനാകും. തന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് സമൂഹത്തിനു വേണ്ടി ചെയ്യാനാകുന്നതു മുഴുവന്‍ ചാവറയച്ചന്‍ ചെയ്തിരുന്നു. വനിതാ ശാക്തീകരണം, കുട്ടികള്‍ക്കും ദരിദ്രര്‍ക്കുമിടയിലെ പ്രവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ അച്ചന്‍ വ്യക്തിമുദ്ര പതിപ്പിച്ചു. എവുപ്രാസ്യമ്മയുടെ പ്രാര്‍ഥനാ ജീവിതം മറ്റുള്ളവര്‍ക്ക് ആത്മനവീകരണത്തിന് കാരണമായി. നമുക്ക് ലഭിച്ച ഈ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ കഴിയണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

പി.എം.ജി. ലൂര്‍ദ് ഫെറോന പള്ളിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തില്‍ അധ്യക്ഷനായിരുന്നു. മന്ത്രി വി.എസ്. ശിവകുമാര്‍ മുഖ്യപ്രഭാഷണവും ബിഷപ്പ് സാമുവേല്‍ മാര്‍ ഐറേനിയസ് അനുഗ്രഹ പ്രഭാഷണവും നടത്തി.

ഡോ. ജോര്‍ജ് കെ. ഗോമസ്, മേയര്‍ കെ. ചന്ദ്രിക, കെ. മുരളീധരന്‍ എം.എല്‍.എ. എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ചങ്ങനാശ്ശേരി അതിരൂപതാ വികാരി ജനറാള്‍ ഡോ. മാണി പുതിയിടം സ്വാഗതവും ഫാ. തോമസ് ചൂളപ്പറമ്പില്‍ സി.എം.ഐ. നന്ദിയും പറഞ്ഞു.

സീറോ മലബാര്‍ ലത്തീന്‍സീറോമലങ്കര സഭാ സമൂഹങ്ങള്‍ സംയുക്തമായാണ് സമ്മേളനം സംഘടിപ്പിച്ചത്. വിശുദ്ധരുടെ തിരുശേഷിപ്പ് പ്രയാണം സമ്മേളന നഗറിലെത്തിയതോടുകൂടിയാണ് സമ്മേളനം ആരംഭിച്ചത്. ഈ വര്‍ഷം ആദ്യകുര്‍ബാന സ്വീകരിച്ച 250 കുട്ടികളും അള്‍ത്താര ബാലന്മാരും ചേര്‍ന്ന് തിരുശേഷിപ്പ് സ്വീകരിച്ച് സമ്മേളന നഗറില്‍ പ്രതിഷ്ഠിച്ചു. അമ്പത് പേരടങ്ങുന്ന മെഗാ ക്വയറിന്റെ ഗാനാലാപനം സമ്മേളനത്തിന് താളമായി. ‘ചാവറ പിതാവ് കേരളത്തിന്റെ നവോഥാന നായകന്‍ എവുപ്രാസ്യമ്മ കേരളത്തിലെ മിസ്റ്റിക്’ എന്ന വിഷയത്തിലെ പഠനശിബിരത്തിന് കേരള പോലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എം.ഡി. അലക്‌സാണ്ടര്‍ ജേക്കബ് നേതൃത്വം നല്‍കി. ചാവറയച്ചനെയും എവുപ്രാസ്യമ്മയെയും വിശുദ്ധരായി ഉയര്‍ത്തുന്നതിനു ദൈവത്തിനു നന്ദി പറഞ്ഞ് സീറോ മലബാര്‍ലത്തീന്‍ സീറോ മലങ്കര സഭയിലെ വൈദികര്‍ ചേര്‍ന്ന് കൃതജ്ഞതാ ദിവ്യബലി അര്‍പ്പിച്ചു. സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ, വത്തിക്കാനില്‍ ഇരുവരെയും വിശുദ്ധരായി പ്രഖ്യാപിക്കുന്നതിന്റെ തത്സമയ സംപ്രേക്ഷണവും പിന്നീട് വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു.