കശ്മീര്‍ വിഷയം: പാക്കിസ്ഥാന്‍ 22 പാര്‍ലമെന്റ് അംഗങ്ങളെ നിയോഗിക്കുന്നു

കശ്മീര്‍ വിഷയം വിവിധ രാജ്യാന്തര വേദികളില്‍ ഉന്നയിക്കാന്‍ പാക്കിസ്ഥാന്‍ 22 പാര്‍ലമെന്റ് അംഗങ്ങളെ നിയോഗിക്കുന്നു. കശ്മീരിലെ  ഇന്ത്യയുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ ലോകത്തിനുമുന്നില്‍ ഉയര്‍ത്തിക്കാട്ടുന്നതിനാണ് പ്രത്യേക നയതന്ത്രപ്രതിനിധികളെ നിയോഗിച്ചതെന്ന് പാക്‌ പ്രധാനമന്ത്രി നവാസ് ഷെരീഫ് പറഞ്ഞു.

ഈ നയതന്ത്ര പ്രതിനിധികള്‍ക്ക് നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തുള്ള കശ്മീരികളുടെ പ്രാര്‍ഥനയും പാക്കിസ്ഥാനിലെ ജനങ്ങളുടെയും സര്‍ക്കാരിന്റെയും പിന്തുണയുമുണ്ടാകും. സൈനിക നടപടിക്കിടെ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡറായിരുന്ന ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് കശ്മീരില്‍ സംഘര്‍ഷം ഉടലെടുത്തത്. ഏറ്റുമുട്ടലില്‍ ഇതുവരെ 60ലധികം പേര്‍ കൊല്ലപ്പെടുകയും 10,000 ത്തിലധികം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.സെപ്റ്റംബറില്‍ ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്യുമ്പോള്‍ കശ്മീര്‍ പ്രശ്‌നത്തെക്കുറിച്ച് ലോകത്തോട് സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.