കമല്‍ഹാസന്റെ ഇന്ത്യന്‍ 2വില്‍ നെടുമുടി വേണുവും

ഉലകനായകന്റെ പുതിയ ചിത്രമായ ഇന്ത്യന്‍ 2വില്‍ മലയാളത്തിന്റെ സ്വന്തം നടന്‍ നെടുമുണി വേണുവും എത്തുന്നു. ഇന്ത്യനില്‍ സിബിഐ ഓഫീസറായ കൃഷ്ണസ്വാമി എന്ന കഥാപാത്രത്തെയാണ് നെടുമുടി വേണു കൈകാര്യം ചെയ്യുന്നത് എന്നാണ് തമിഴകത്തു നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പുതിയ പോസ്റ്ററും പുറത്തുവിട്ടിരുന്നു. സേനാപതി തിരികെയെത്തുന്നു എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ പ്രീ പൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു കഴിഞ്ഞു. ചിത്രത്തില്‍ കമല്‍ഹാസന്‍ ഇരട്ടവേഷത്തില്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ 2 അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തും.

ജയമോഹന്‍, കാബിലന്‍ വൈരമുത്തു, ലക്ഷ്മി ശരവണകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ലൈക പ്രൊഡക്ഷന്‍സാണ്. നയന്‍താര, അജയ് ദേവ്ഗണ്‍, വടിവേലു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.