നാഗാലാന്‍ഡില്‍ നെയ്ഫ്യൂ റിയോ വീണ്ടും മുഖ്യമന്ത്രിയാകും

നാഗാലാന്‍ഡില്‍ മുന്‍ മുഖ്യമന്ത്രി നെയ്ഫ്യൂ റിയോ വീണ്ടും മുഖ്യമന്ത്രിയാവും. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് തൂക്കുസഭയാണ് വന്നത്. 60 അംഗ നിയമസഭയില്‍ റിയോ നേതൃത്വം നല്‍കുന്ന എന്‍ഡിപിപി ബിജെപി സഖ്യം 30 സീറ്റ് നേടിയിരുന്നു. ജെ.ഡിയു എംഎല്‍എയും സ്വതന്ത്രനും പിന്തുണ വാഗ്ദാനം ചെയ്തതോടെ സഖ്യത്തിന് 32 സീറ്റായി. കേവല ഭൂരിപക്ഷത്തിന് 31 സീറ്റാണ് വേണ്ടിയിരുന്നത്.

റിയോയും ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവും സഖ്യകക്ഷികളും ചേര്‍ന്ന് ഗവര്‍ണര്‍ പി.ബി.ആചാര്യയെ കണ്ട് സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ചു. സഖ്യകക്ഷികളുടെ പിന്തുണക്കത്തും ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്. നാഗാലാന്‍ഡില്‍ തെരഞ്ഞെടുപ്പിന് മുമ്പ് നാഗാ പീപ്പിള്‍സ് ഫ്രണ്ടുമായുള്ള സഖ്യം വിട്ടാണ് ബിജെപി എന്‍ഡിപിപിയുമായി സഖ്യമുണ്ടാക്കിയത്. എന്നാല്‍, വോട്ടെണ്ണലിന് ശേഷം മുഖ്യമന്ത്രി ടി.ആര്‍.സെലിയാംഗ് ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും ബിജെപി അനുകൂലമായി പ്രതികരിച്ചില്ല.