പുതിയ HP ടച്ച് പി.സി

NEW  hp touch pc

ബാഴ്‌സലോണയില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഹാന്‍ഡ്‌സെറ്റുകള്‍ മാത്രമല്ല അവതരിപ്പിക്കപ്പെട്ടത്. കിടിലന്‍ ടാബ്‌ലറ്റുകളും ലാപ്‌ടോപ്പുകളുമെല്ലാം അവിടെ അവതരിപ്പിച്ചിരുന്നു. അതില്‍ ഏറ്റവും ശ്രദ്ധനേടിയ ടച്ച് പി.സിയാണ് ഹ്യുലറ്റ് പക്കാര്‍ഡിന്റെ പവിലിയന്‍ എക്‌സ് 360 ( HP Pavilion x360 ). ടാബായും ലാപ്‌ടോപ്പായും തരംപോലെ ഉപയോഗിക്കാവുന്ന സങ്കരഗാഡ്ജറ്റാണത്്. 399.99 ഡോളറാണ് (ഏതാണ്ട് 25,000 രൂപ) പവിലിയന്‍ എക്‌സ് 360 യുടെ വില.

1366 X 768 പിക്‌സല്‍സ് റിസൊല്യൂഷനുള്ള 11.6 ഇഞ്ച് എച്ച്.ഡി. എല്‍.ഇ.ഡി. ബാക്ക്‌ലിറ്റ് സ്‌ക്രീനാണ് ഇതിനുള്ളത്. 2.17 ഗിഗാഹെര്‍ട്‌സ് ഇന്റല്‍ പേ ട്രെയില്‍-എം ചിപ്‌സെറ്റ്, 4 ജിബി റാം (എട്ട് ജിബി ഓപ്ഷനും ലഭ്യമാണ്). എന്നിവയാണ് ഈ ഉപകരണത്തിന്റെ ഹാര്‍ഡ്‌വേര്‍ വിശേഷങ്ങള്‍.

പേര് സൂചിപ്പിക്കുംപോലെ എക്‌സ് 360 യുടെ സ്‌ക്രീന്‍ 360 ഡിഗ്രി പുറകിലേക്ക് മടക്കാം. മുഴുവനായി മടക്കിക്കഴിഞ്ഞാല്‍ ടാബ്‌ലറ്റ് പോലെ ഉപയോഗിക്കുകയും ചെയ്യാം. 45 ഡിഗ്രി മടക്കിയാല്‍ ടെന്റ് പോലെയാക്കി മേശമേല്‍വെച്ച് പ്രവര്‍ത്തിപ്പിക്കാനുമാകും.

”ജോലി ചെയ്യാനും വിനോദത്തിനുമൊക്കെ ഒരേ ഗാഡ്ജറ്റ് എന്ന ആശയത്തില്‍ നിന്നാണ് പവിലിയന്‍ എക്‌സ് 360 പിറവിയെടുക്കുന്നത്. ലാപ്‌ടോപ്പിനെ ടാബ്‌ലറ്റാക്കുന്നതും ടാബ്‌ലറ്റിനെ ലാപ്‌ടോപ്പാക്കുന്നതുമെല്ലാം എക്‌സ് 360 യില്‍ നിമിഷംകൊണ്ട് സാധിക്കും. ഒരു എന്‍ട്രി ലെവല്‍ നോട്ട്ബുക്കിന്റെ വില മാത്രമേ എക്‌സ് 360 നുള്ളൂ എന്നതും ആകര്‍ഷണീയഘടകമാണ്”-എച്ച്.പി. കണ്‍സ്യൂമര്‍ പി.സി. ആന്‍ഡ് സൊല്യൂഷന്‍സ് ഗ്രൂപ്പ് സീനിയര്‍ വൈസ് പ്രസിഡന്റ് റോണ്‍ കോഫ്‌ലിന്‍ പറയുന്നു.

ഫിബ്രവരി 26 മുതല്‍ അമേരിക്കന്‍ വിപണിയില്‍ എക്‌സ് 360 ലഭ്യമായിട്ടുണ്ട്. ആഴ്ചകള്‍ക്കുള്ളില്‍ ഇന്ത്യയിലും ഇത് വില്പനയ്‌ക്കെത്തും.

പവിലിയന്‍ എക്‌സ് 360 യ്‌ക്കൊപ്പം രണ്ട് ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളും എച്ച്.പി. അവതരിപ്പിച്ചു. എലൈറ്റ്പാഡ് 1000 ( HP ElitePad 1000 ), പ്രോപാഡ് 600 ( HP ProPad 600 ) എന്നിവയാണവ. 1920 X 1200 പിക്‌സല്‍സ് റിസൊല്യൂഷനുള്ള 10.1 ഇഞ്ച് ഡിസ്‌പ്ലേയാണ് എലൈറ്റ്പാഡിലുള്ളത്. പോറല്‍ വീഴാത്ത ഗോറില്ല ഗ്ലാസ് 3 കൊണ്ടുണ്ടാക്കിയ ടച്ച്‌സ്‌ക്രീനാണിത്. ഇന്റല്‍ ആറ്റം സെഡ്3795 ക്വാഡ്‌കോര്‍ പ്രൊസസര്‍, രണ്ട് ജി.ബി. റാം എന്നിവയും ഇതിലുണ്ട്. വിന്‍ഡോസ് 8.1 വെര്‍ഷന്‍ ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ടാബാണിത്.

എല്‍.ഇ.ഡി. ഫ് ളാഷോടുകൂടിയ എട്ട് മെഗാപിക്‌സല്‍ മുന്‍ക്യാമറയും 2.1 മെഗാപിക്‌സല്‍ പിന്‍ക്യാമറയും ഇതിലുണ്ട്. 739 ഡോളര്‍ (46,000 രൂപ) വിലയിട്ടിരിക്കുന്ന എലൈറ്റ്പാഡ് 1000 ഏപ്രിലിലോടെ വില്പനയ്‌ക്കെത്തും.

ഹാര്‍ഡ്‌വേര്‍ സ്‌പെസിഫിക്കേനിലും ഡിസ്‌പ്ലേമികവിലുമൊന്നും എലൈറ്റ്പാഡ് 1000 ല്‍ നിന്ന് കാര്യമായ വ്യത്യാസമാന്നുമില്ല പ്രോപാഡ് 600 ല്‍. ഇതും വിന്‍ഡോസ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ടാബാണ്. വില എത്രയാകുമെന്നോ എന്ന് വിപണിയിലെത്തുമെന്നോ ഉള്ള കാര്യങ്ങള്‍ എച്ച്.പി. വ്യക്തമാക്കിയിട്ടില്ല