സ്റ്റാറ്റസ് ഫീച്ചറുമായി വാട്‌സ്ആപ്; കണ്‍ഫ്യൂഷനില്‍ ഉപയോക്താക്കള്‍

എട്ടാം ജന്മദിനത്തില്‍ പുതിയ ഫീച്ചറുകളുമായി ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്ആപ്. സ്റ്റാറ്റസ് ഫീച്ചറാണ് വാട്‌സ്ആപിന്റെ പുതിയ പ്രത്യേകത. വാട്‌സാപ്പ് ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ ചിത്രങ്ങളോ വീഡിയോകളോ സ്റ്റാറ്റസ് ആയി ഉപയോഗിക്കാം.

ചിത്രങ്ങളും വീഡിയോകളും എഡിറ്റ് ചെയ്യാനും ഇനി വാട്ട്‌സ് ആപ്പ് മതിയാകും. എന്നാല്‍, വാട്ട്‌സ് ആപ്പിന്റെ സ്റ്റാറ്റസില്‍ ചിത്രങ്ങളും വീഡിയോകളും താല്‍കാലികമായേ പോസ്റ്റ് ചെയ്യാന്‍ സാധിക്കൂകയുള്ളൂ. 24 മണിക്കൂര്‍ കഴിഞ്ഞാല്‍ സ്റ്റാറ്റസ് സ്വയം അപ്രത്യക്ഷമാകും.

ചാറ്റ്‌സ്, കോള്‍സ് ടാബുകള്‍ക്കിടയില്‍ സ്റ്റാറ്റസ് എന്ന പുതിയ ടാബാണ് ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. വാട്‌സാപില്‍ ഇതുവരെ വന്നിട്ടുള്ളതില്‍ എറ്റവും വലിയ മാറ്റം എന്നാണ് ടെക് ലോകം ഇതിനെ വിലയിരുത്തുന്നത്. സ്റ്റാറ്റസ് ബട്ടണില്‍ ടാപ്പ് ചെയ്താല്‍, നിലവിലുളള ഫോട്ടോ സെലക്ട് ചെയ്യാനും പുതിയ ഫോട്ടോയൊ വീഡിയോയൊ എടുക്കാനുള്ള ഓപ്ഷനുകള്‍ ഉണ്ടാകും. ക്യാമറ ഫ്രണ്ടില്‍ നിന്നും ബാക്കിലേക്കും തിരിച്ചും മാറ്റാം.

പുതുതായി നല്‍കുന്ന എല്ലാ ഫോട്ടോ,വീഡിയോ, ജിഫ് സ്റ്റാറ്റസുകളും മൈ സ്റ്റാറ്റസിന് കീഴില്‍ ലിസ്റ്റ് ചെയ്യപ്പെടും. പോസ്റ്റ് ചെയ്ത സമയവും എത്ര പേര്‍ കണ്ടുവെന്ന വിവരവും മൈ സ്റ്റാറ്റസില്‍ ലിസ്റ്റ് ചെയ്ത സ്റ്റാറ്റസുകള്‍ക്ക് ഒപ്പമുണ്ടാകും. ഇതുകൂടാതെ അവസാന 24 മണിക്കൂറിനുള്ളില്‍ സുഹൃത്തുക്കള്‍ ആരെങ്കിലും സ്റ്റാറ്റസ് മാറ്റിയിട്ടുണ്ടെങ്കില്‍ അത് സ്റ്റാറ്റസ് ടാബിനുള്ളിലെ റീസന്റ് അപ്‌ഡേറ്റ്‌സില്‍ കാണാം. അതേസമയം ഈ ഫീച്ചര്‍ അല്‍പം കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നുണ്ടെന്നാണ് ഉപയോക്താക്കളില്‍ ചിലരുടെ വാദം.