നെയ്യാറ്റിന്‍കരയിലെ മത്സ്യത്തൊഴിലാളികളുടെ ദേശീയപാത ഉപരോധം അവസാനിപ്പിച്ചു

നെയ്യാറ്റിന്‍കരയിലെ മത്സ്യത്തൊഴിലാളികളുടെ ദേശീയപാത ഉപരോധം അവസാനിപ്പിച്ചു. 15 മത്സ്യത്തൊഴിലാളികളെ തെരച്ചിലിന് കൊണ്ടുപോയ സാഹചര്യത്തിലാണ് തീരുമാനം. പൊടിയൂര്‍ ഇടവകയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം നടന്നത്. എഡിഎമ്മുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്.

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ലത്തീന്‍ കത്തോലിക്കാ സഭാ തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് സൂസപാക്യവുമായി ചര്‍ച്ച നടത്തിയിരുന്നു. നെയ്യാറ്റിന്‍കരയില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന ദേശീയപാത ഉപരോധം അവസാനിപ്പിക്കാനായിരുന്നു ചര്‍ച്ച. സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ മത്സ്യത്തൊഴിലാളികള്‍ തൃപ്തരല്ലെന്ന് സൂസപാക്യം പറഞ്ഞു. ജനങ്ങള്‍ അവരുടെ വേദനയാണ് സമരത്തിലൂടെ പ്രകടിപ്പിക്കുന്നതെന്നും സൂസപാക്യം വ്യക്തമാക്കി. പ്രതിഷേധങ്ങള്‍ പെട്ടെന്ന് തടയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.