ദേവസ്വം ബോര്‍ഡ്: കോണ്‍ഗ്രസ് അപമാനിച്ചുവെന്ന് ആര്‍.എസ്.പി

PREMACHANDRANതിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പ്രാതിനിധ്യം നല്‍കാതെ കോണ്‍ഗ്രസ് അപമാനിച്ചുവെന്ന് ആര്‍.എസ്.പിക്ക് പരാതി. ദേവസ്വം ബോര്‍ഡില്‍ അംഗത്വം വേണമെന്ന് ആര്‍.എസ്.പി രേഖാമൂലം ആവശ്യപ്പെട്ടിരുന്നുവെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി വ്യക്തമാക്കി.

എല്‍.ഡി.എഫിലും യു.ഡി.എഫും പാര്‍ട്ടി ഉണ്ടായിരുന്ന കാലത്തൊക്കെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ആര്‍.എസ്.പിക്ക് പ്രാതിനിധ്യം ഉണ്ടായിരുന്നു. ആര്‍.എസ്.പിക്ക് പ്രാതിനിധ്യം ഇല്ലാത്ത ഒരു ദേവസ്വം ബോര്‍ഡ് പാര്‍ട്ടിക്ക് പങ്കാളിത്തമുള്ള സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെയും അംഗത്തെയും നിശ്ചയിച്ച വിവരം മാധ്യമ വാര്‍ത്തകളിലൂടെയാണ് പാര്‍ട്ടി അറിഞ്ഞത്. ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയോ ആര്‍.എസ്.പിയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തിയോ ഇക്കാര്യത്തില്‍ തീരുമാനം എടുക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.