പഞ്ചാബില്‍ ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കാതെ കോണ്‍ഗ്രസ് നവ്‌ജ്യോത് സിംഗ് സിദ്ധുവിനെ വഞ്ചിച്ചു.

തെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപി വിട്ട സിദ്ധുവിനെ ഉപമുഖ്യമന്ത്രി പദവി വാഗ്ദാനം ചെയ്താണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. എന്നാല്‍ ഭരണത്തിലെത്തിയതോടെ നിലപാട് മാറ്റിയ കോണ്‍ഗ്രസ് സിദ്ധുവിന് താരതമ്യേന പ്രാധാന്യം കുറഞ്ഞ തദ്ദേശഭരണ, ടൂറിസം വകുപ്പ് നല്‍കി ഒതുക്കി.

സിദ്ധുവിന് ഉപമുഖ്യമന്ത്രി സ്ഥാനവും പ്രധാന വകുപ്പുകളും നല്‍കുന്നത് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ എതിര്‍ത്തിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പാര്‍ട്ടിയിലെത്തിയയാള്‍ക്ക് ആവശ്യത്തിലധികം പരിഗണന നല്‍കുന്നത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവരെ അപമാനിക്കലാണെന്ന് തുറന്നടിച്ച മുതിര്‍ന്ന നേതാക്കള്‍ ഹൈക്കമാന്റിനെ പ്രതിഷേധമറിയിച്ചു.

അമരീന്ദറിന്റെ എതിര്‍പ്പാണ് സിദ്ധുവിന് തിരിച്ചടിയായതെന്നാണ് സൂചന. ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെ സിദ്ധു തനിക്കൊപ്പം വളരുമെന്ന ഭയം അമരീന്ദറിനുണ്ട്. ആഭ്യന്തരം ഉള്‍പ്പെടെയുള്ള പ്രധാന വകുപ്പുകള്‍ മുഖ്യമന്ത്രിയായ അമരീന്ദറാണ് കൈകാര്യം ചെയ്യുന്നത്. ഭരണത്തില്‍ രണ്ടാമനായി പാര്‍ട്ടിയില്‍ പിടിമുറുക്കാനുള്ള സിദ്ധുവിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടിയാണ് ഇപ്പോഴത്തെ സാഹചര്യം. വാദ്ഗാനം ലംഘിച്ചതില്‍ കടുത്ത പ്രതിഷേധവും സിദ്ധുവിനുണ്ട്.

സിദ്ധു അടക്കം 8 മന്ത്രിമാരെ ഉള്‍പ്പെടുത്തി ക്യാപ്റ്റന്‍ അമരീന്ദര്‍സിങ് സര്‍ക്കാര്‍ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. രാഹുല്‍ഗാന്ധി, മന്‍മോഹന്‍സിങ് തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. പഞ്ചാബിലേത് അമരീന്ദറിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും വിജയമാണെന്ന വിലയിരുത്തല്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉയരുന്നതിനാല്‍ രാഹുലുമായുള്ള അടുപ്പവും സിദ്ധുവിനെ തുണച്ചില്ല.