ഇത്തവണ സാഹിത്യത്തിനു നൊബേല്‍ പുരസ്‌കാരമില്ല

ചരിത്രത്തിലാദ്യമായി ലൈംഗിക വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തവണ സാഹിത്യത്തിനു നൊബേല്‍ പുരസ്‌കാരം നല്‍കേണ്ടതില്ലെന്ന് സ്വീഡിഷ് അക്കാദമി തീരുമാനിച്ചു. വിവരം അക്കാദമി ഔദ്യോഗികമായി അറിയിച്ചു. ഇതിനു മുമ്പ് യുദ്ധസമയത്തും, അര്‍ഹതയുള്ളവരെ കണ്ടെത്താന്‍ സാധിക്കാത്ത വേളയിലും മാത്രമാണ് അക്കാദമി സാഹിത്യതത്തിനുള്ള നൊബേല്‍ പുരസ്‌കാരം വേണ്ടെന്ന് വച്ചത്. ‘അക്കാദമിയിലുണ്ടായ പ്രശ്‌നങ്ങള്‍ നൊബേല്‍ പുരസ്‌കാരത്തെ പ്രതികൂലമായി ബാധിച്ചു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്തും നൊബേല്‍ സമ്മാനത്തിന്റെ പ്രശസ്തി പരിഗണിച്ചും ഇത്തവണ സാഹിത്യത്തിനു പുരസ്‌കാരം നല്‍കുന്നില്ല. മറ്റു വിഭാഗങ്ങളിലുള്ള സമ്മാനങ്ങള്‍ പതിവു പോലെ തന്നെ നല്‍കുമെന്നും’ അക്കാദമി അറിയിച്ചു.

ലൈംഗിക വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അക്കാദമിയിലെ 18 അംഗ കമ്മിറ്റിയില്‍ ഏഴുപേരെ സസ്‌പെന്‍ഡ് ചെയ്തത് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. അതിനു പിന്നാലെ പുരസ്‌കാര ദാനം വേണ്ടെന്ന വയ്‌ക്കേണ്ട തീരുമാനമെടുത്തത് നാണക്കേടിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു.