സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ പ്രഖ്യാപിച്ചു

ഈ വര്‍ഷത്തെ സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം അമേരിക്കയിലെ വില്യം നോഡ്ഹൗസും പോള്‍ റോമറും പങ്കുവെച്ചു. സാങ്കേതിക മുന്നേറ്റങ്ങളും സാമ്പത്തികശാസ്ത്രവും ഏകോപിപ്പിച്ച് കാലാവസ്ഥാവ്യതിയാനം പഠിക്കാനുള്ള് ഇവരുടെ ശ്രമങ്ങള്‍ക്കാണ് നോബേല്‍.

സാമ്പത്തികശാസ്ത്രവും കാലാവസ്ഥാവ്യതിയാനവും തമ്മിലുള്ള ബന്ധത്തെ പഠിക്കാനുള്ള പ്രഥമമാതൃക അവതരിപ്പിച്ചത് യേല്‍ യൂണിവേഴ്‌സിറ്റി അധ്യാപകന്‍ കൂടിയായ നോഡ്ഹൗസാണ്. ആഗോളതാപനത്തെ ചെറുക്കാന്‍ നോഡ്ഹൗസ് മുന്നോട്ടുവെച്ച ചെലവുകുറഞ്ഞ മാര്‍ഗങ്ങളും ശ്രദ്ധേയമാണ്. രാജ്യങ്ങള്‍ ഹരിതവാതകങ്ങള്‍ പുറന്തള്ളുന്നതിന് ആനുപാതികമായി കാര്‍ബണ്‍ ടാക്‌സ് നല്‍കണമെന്ന് ആശയം മുന്നോട്ടു വെച്ചതും ഇദ്ദേഹമാണ്.

‘എന്‍ഡോജീനസ് ഗ്രോത്ത് തിയറി’ എന്ന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാണ് ന്യൂയോര്‍ക്കിലെ സ്റ്റേണ്‍ സ്‌കൂള്‍ ഓഫ് ബിസിനസിലെ അദ്ധ്യാപകനായ റോമര്‍. സമ്പദ്വ്യവസ്ഥാ കേന്ദ്രീകൃതമായുണ്ടാകുന്ന പുത്തനാശയങ്ങളും മുന്നേറ്റങ്ങളും എങ്ങനെയാണ് പുതിയ വികസന മാതൃക സൃഷ്ടിക്കുന്നത് എന്നതാണ് ഈ സിദ്ധാന്തം ചര്‍ച്ചചെയ്യുന്നത്.

കാലാവസ്ഥാവ്യതിയാനത്തിന്റെ ഭീകരത ചൂണ്ടിക്കാട്ടിയുള്ള യു.എന്‍ റിപ്പോര്‍ട്ട് പുറത്തുവന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പുരസ്‌കാരപ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.

Show More

Related Articles

Close
Close