ഉത്തരകൊറിയയെ നേരിടാന്‍ ദക്ഷിണകൊറിയയുമായുള്ള സഹകരണം ശക്തിപ്പെടുത്താനൊരുങ്ങി യുഎസ്

ഉത്തരകൊറിയയുടെ  വെല്ലുവിളികളെ  നേരിടുന്നതിന് ദക്ഷിണകൊറിയയുമായുള്ള സഹകരണം ശക്തിപ്പെടുത്താനൊരുങ്ങി യുഎസ്. ഇതിന്റെ ഭാഗമായി ദക്ഷിണകൊറിയയ്ക്ക് കോടിക്കണക്കിനു ഡോളറിന്റെ സൈനിക ഉപകരണങ്ങള്‍ കൈമാറുന്നതിന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  അംഗീകാരം നല്‍കി. കഴിഞ്ഞ ദിവസം ജപ്പാനു മുകളിലൂടെ മിസൈല്‍ പറത്തി ഉത്തരകൊറിയ പ്രകോപനം സൃഷ്ടിച്ച സാഹചര്യത്തിലാണ് അടിയന്തര നീക്കവുമായി യുഎസ് മുന്നിട്ടിറങ്ങുന്നത്.

ഉത്തരകൊറിയ നടത്തിയ മിസൈല്‍ പരീക്ഷണത്തിന് ഉചിതമായ മറുപടിക്കുള്ള വിവിധ സാധ്യതകള്‍ പരിഗണിച്ചു വരികയാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഉത്തരകൊറിയയ്‌ക്കെതിരെ യുഎസ് സൈനിക നടപടിക്കു മുതിര്‍ന്നേക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വരികയും ചെയ്തു. ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നുമായി ഫോണില്‍ സംസാരിച്ച ട്രംപ്, മേഖലയില്‍ അസ്ഥിരത സൃഷ്ടിക്കുന്ന ഉത്തരകൊറിയയ്ക്കതിരെ യോജിച്ചു നീങ്ങുന്ന കാര്യം ചര്‍ച്ച ചെയ്തു. ഉത്തരകൊറിയയ്‌ക്കെതിരായ സാമ്പത്തിക, നയതന്ത്ര ഉപരോധങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനും ഇരുവരും തീരുമാനിച്ചതായി വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഉത്തരകൊറിയ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടുന്നതിന് പ്രതിരോധ രംഗത്തെ സഹകരണം കൂടുതല്‍ കാര്യക്ഷമമാക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി ദക്ഷിണകൊറിയയുടെ പ്രതിരോധ സംവിധാനം കൂടുതല്‍ കരുത്തുറ്റതാക്കും. അതിനായി കോടിക്കണക്കിനു ഡോളര്‍ ചെലവു വരുന്ന ആയുധങ്ങള്‍ യുഎസ് ദക്ഷിണകൊറിയയ്ക്കു നല്‍കും. ഇതിനു പിന്നാലെ, കസാഖ്സ്ഥാന്‍ പ്രസിഡന്റ് നൂര്‍സുല്‍ത്താന്‍ നസര്‍ബയേവുമായും ട്രംപ് ഫോണില്‍ സംസാരിച്ചു. യുഎസും കസാഖ്സ്ഥാനും തമ്മിലുള്ള 25 വര്‍ഷത്തെ സൗഹൃദത്തെക്കുറിച്ച് സംസാരിച്ച ഇരുവരും ട്രംപ് ഈയിടെ പ്രഖ്യാപിച്ച ദക്ഷിണേഷ്യന്‍ നയത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു.