എന്‍.ആര്‍.ഐ കമീഷന് എറണാകുളത്തും ഓഫിസ് വരുന്നു

വിദേശ മലയാളികളുടെ പ്രശ്നങ്ങള്‍ പഠിക്കാനും നടപടികള്‍ക്കുമായി രൂപവത്കരിച്ച എന്‍.ആര്‍.ഐ കമീഷന് എറണാകുളത്തും ഓഫിസ് തുറക്കുന്നു. തിരുവനന്തപുരത്ത് നോര്‍ക്ക റൂട്ട്സിനോട് ചേര്‍ന്നാണ് കമീഷന്‍െറ മുഖ്യ കാര്യാലയം. പൂര്‍ണ സൗകര്യത്തോടെ എറണാകുളത്തും ഫയലിങ് ഓഫിസ് തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. രണ്ടാഴ്ചക്കകം ഓഫിസ് പ്രവര്‍ത്തനം ആരംഭിക്കാനാവുമെന്നാണ് സൂചന.

എറണാകുളത്തെ പുതിയ നോര്‍ക്ക ഓഫിസിനോട് ചേര്‍ന്നാവും സൗകര്യം ഒരുക്കുക. നോര്‍ക്ക ഓഫിസ് സൗത്ത് റെയില്‍വേ സ്റ്റേഷനടുത്തേക്കാണ് മാറ്റുന്നത്. കമീഷന്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും തിരുവനന്തപുരത്തെ ഓഫിസില്‍ ഇപ്പോഴും മതിയായ സൗകര്യം ഏര്‍പ്പെടുത്തിയിട്ടില്ല. എത്രയും വേഗം സൗകര്യം ഒരുക്കാന്‍ ഹൈകോടതി ഉത്തരവിടുകയും ചെയ്തു.

സംസ്ഥാനത്ത് എവിടെയും സിറ്റിങ് നടത്താനും കമീഷന്‍ ആക്ടില്‍ വ്യവസ്ഥയുണ്ട്. പ്രവാസികളുടെ അവകാശങ്ങളും താല്‍പര്യങ്ങളും വസ്തുവകകളും സംരക്ഷിക്കുക, നിക്ഷേപങ്ങള്‍ക്ക് സംരക്ഷണം നല്‍കുക, താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുമായി ഇടപെടുക, വ്യാജ റിക്രൂട്ട്മെന്‍റ് തടയാന്‍ നടപടി സ്വീകരിക്കുക, അന്യായ നടപടികളുണ്ടാകുമ്പോള്‍ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെടുക തുടങ്ങിയവയാണ് കമീഷന്‍െറ ചുമതലകള്‍.