സര്‍ക്കാര്‍ കന്യാസ്ത്രീക്കൊപ്പം, സമരം ദു:ഖകരം; ശക്തമായ തെളിവോടെ ബിഷപ്പിന്റെ അറസ്‌റ്റെന്ന് ഇ.പി ജയരാജന്‍!

ജലന്ധര്‍ ബിഷപ്പിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീക്കൊപ്പമാണ് സര്‍ക്കാരെന്ന് മന്ത്രി ഇ.പി ജയരാജന്‍. സര്‍ക്കാര്‍ ഇരക്കൊപ്പമാണ്. ഏറ്റവും നീതിപൂര്‍വമായ നിലപാട് സ്വീകരിക്കും. ഇക്കാര്യത്തില്‍ ആരും ഭയപ്പെടേണ്ടതില്ല അദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിയമത്തിന്റെ മുന്നില്‍ നിന്ന് ഒരു കുറ്റവാളിയെയും സര്‍ക്കാര്‍ രക്ഷിക്കില്ല. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണ്. കുറ്റമറ്റ അന്വേഷണം നടത്തി പ്രതിയെ ശിക്ഷിക്കത്തക്ക തെളിവോടെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീകളുടെ സമരം ദു:ഖകരമാണെന്നും ജയരാജന്‍ പറഞ്ഞു. ഒരു കുറ്റവാളിയെയും രക്ഷിക്കില്ല. പി.കെ ശശി പീഡിപ്പിച്ചെന്ന പരാതിയില്‍ സി.പി.എം സെക്രട്ടറിക്കു വനിതാ പ്രവര്‍ത്തക നല്‍കിയ പരാതി പൊലീസിനുള്ളതല്ല, പൊലീസിനു നല്‍കേണ്ട പരാതി പൊലീസിനു നല്‍കണം.

അതേസമയം, കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ഈമാസം 19ന് ചോദ്യം ചെയ്യലിനായി കേരളത്തില്‍ എത്തണമെന്ന് അന്വേഷണസംഘം അവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി ബിഷപ്പിനു പൊലീസ് നോട്ടിസ് അയച്ചെന്ന് ഐജി വിജയ് സാക്കറെ അറിയിച്ചു. ഹാജരാകണമെന്നു വ്യക്തമാക്കി ഇമെയില്‍ വഴിയും ജലന്തര്‍ പൊലീസ് മുഖേനയുമാണ് നോട്ടിസ് അയച്ചത്. സിആര്‍പിസി 41എ വകുപ്പുപ്രകാരമാണു ബിഷപ്പിനു നോട്ടിസ് നല്‍കിയിരിക്കുന്നത്.

ചോദ്യം ചെയ്യലിനുശേഷം മാത്രമേ അറസ്റ്റു സംബന്ധിച്ച് തീരുമാനമെടുക്കുകയുള്ളൂ. ചില കാര്യങ്ങളിലെ വൈരുധ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. അവ പരിഹരിക്കാതെയുള്ള അറസ്റ്റ് കുറ്റാരോപിതനു സഹായകമാകുമെന്നും ഐജി വ്യക്തമാക്കി. ഐജി വിജയ് സാക്കറെ, ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍, കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് എന്നിവര്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നാണു തീരുമാനമെടുത്തത്. ഇതുവരെയുള്ള അന്വേഷണം വിശകലനം ചെയ്തുവെന്നും പരാതിക്കാരിയായ കന്യാസ്ത്രീയുടെയും സാക്ഷികളുടെയും ബിഷപ്പിന്റെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.