ഇന്ന് ഓച്ചിറ 12 വിളക്ക് മഹോത്സവം

1545963_282167768656668_6591764369211974248_nവൃശ്ചികമാസം കേരളത്തിലെ ഉത്സവകാലങ്ങളുടെ തുടക്കം കുറിക്കുന്ന കാലമാണ്‌. കേരളത്തിലെ പല ക്ഷേത്രങ്ങളിലും വൃശ്‌ചികോത്‌സവം തുടങ്ങിക്കഴിഞ്ഞു. ഇന്ന്‌, ചടങ്ങുകള്‍കൊണ്ടു സമ്പുഷ്ടമായ ഓച്ചിറ പന്ത്രണ്ടുവിളക്കാണ്‌.
ഓച്ചിറ പരബ്രഹ്‌മക്ഷേത്ര ത്തിലെ പ്രശസ്‌തമായ വൃശ്‌ചികോല്‍സവമാണിത്‌. വൃശ്‌ചികത്തിലെ ആദ്യത്തെ പന്ത്രണ്ട്‌ ദിനരാത്രങ്ങള്‍ ഓച്ചിറ പടനിലം പരബ്രഹ്‌മ സ്‌തുതികളാലും നാമജപ മന്ത്രോച്ചാരണത്താലും നിറയും. ഇന്ന്‌ ഈ ഉത്‌സവം സമാപിക്കുകയാണ്‌.
വൃശ്‌ചികം ഒന്നുമുതല്‍ 12 ദിവസമാണ്‌ വിളക്ക്‌. ഈ ഉത്‌സവകാലത്ത്‌ ജാതിമതഭേദമന്യേ ക്ഷേത്രസങ്കേതത്തില്‍ എല്ലാവരും കുടിലുകള്‍കെട്ടി താമസിച്ച്‌ ഭജനമിരിക്കുന്നു എന്നതാണ്‌ സവിശേഷത!.
അമ്പലമില്ലാതെ പരബ്രഹ്മ സങ്കല്‍പ്പത്തിലുള്ള ഓച്ചിറ ക്ഷേത്രത്തിന്റെ പ്രത്യേകത വിശ്വപ്രസിദ്ധമാണല്ലോ?.
പരബ്രഹ്‌മ സന്നിധിയിലെത്തി കുടിലുകളൊരുക്കിയ ഭക്‌തര്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിക്കുളിച്ച്‌ അരയാല്‍ത്തറകളിലും ഒണ്ടിക്കാവിലും ശാസ്‌താക്ഷേത്രത്തിലും മഹാലക്ഷ്‌മിക്കാവിലുമൊക്കെ വലംവച്ചു തൊഴുതുവന്ന്‌ കുടിലുകളില്‍ നിലവിളക്കു തെളിക്കുക്കുന്നു. ഇതാണ്‌ ആദ്യ ചടങ്ങ്‌.
ഓരോവിഭാഗത്തിനും ഭരണസമിതിയുടെ നേതൃത്വത്തില്‍ പ്രത്യേകം പ്രത്യേകം കമ്മിറ്റികളുണ്ട്‌. 1400 ലേറെ ചെറുകുടിലുകളാണ്‌ ഈ പുണ്യഭൂമിയില്‍ ഉയര്‍ന്നിരിക്കുന്നത്‌. ചെറുകുടിലുകളിലും അരയാല്‍ ത്തറകളിലുമൊക്കെയായി കഴിഞ്ഞ 12 ദിനരാത്രങ്ങളില്‍ പരബ്രഹ്മഭജനം നടത്താന്‍ ആയിരങ്ങള്‍ കുടുംബസമേതം താമസിക്കുകയാണ്‌.
ഇതോടനുബന്ധിച്ച്‌ മതസമ്മേളനങ്ങള്‍, സര്‍വമത സമ്മേളനം, വനിതാ സമ്മേളനം, യുവജന സമ്മേളനം, കാര്‍ഷിക വ്യാവസായിക സമ്മേളനം, സാംസ്‌കാരിക സമ്മേളനം, ആരോഗ്യ സമ്മേളനം തുടങ്ങിയവയും നടന്നു വരികയാണ്‌.
കേരളത്തിലെ മറ്റു പലക്ഷേത്രങ്ങളിലും പന്ത്രണ്ടു വിളക്ക്‌ എന്ന ചടങ്ങുണ്ടെങ്കിലും ഓച്ചിറയിലേത്‌ ചരിത്രപ്രസിദ്ധമത്രെ.
ദക്ഷിണകാശി എന്നറിയപ്പെടുന്ന ക്ഷേത്രത്തിന്റെ പ്രത്യേകത ഇവിടെ ശ്രീകോവിലോ പ്രതിഷ്‌ഠയോ പൂജയോ ഇല്ല എന്നുള്ളതാണ്‌. കിഴക്കേ ഗോപുരകവാടം മുതല്‍ ഇരുപത്തിരണ്ടേക്കര്‍ സ്‌ഥലത്ത്‌ രണ്ട്‌ ആല്‍ത്തറയും ഏതാനും ചില കാവുകളും അടങ്ങുന്നതാണ്‌ ഇവിടുത്തെ ക്ഷേത്രസങ്കല്‍പം.
പരബ്രഹ്‌മ ചൈതന്യത്തിന്റെ മൂലസ്‌ഥാനമായ ഓച്ചിറയില്‍ വന്നെത്തിയാല്‍ ആദ്യം കാണുന്നത്‌ അലങ്കരിച്ചു പ്രദക്ഷിണത്തിനു കൊണ്ട്‌ വരുന്ന `കാള`യെയാണ്‌. ശ്രീകോവിലില്ലാത്ത പ്രതിഷ്‌ടയില്ലാത്ത മൂലസ്‌ഥാനത്തിനു ചുറ്റും ത്രിശൂലങ്ങള്‍ പ്രതിഷ്‌ഠിച്ചിരിക്കുന്നു. ഭസ്‌മമാണ്‌ പ്രസാദം. ഇവിടെ `ഭസ്‌മം` ശിവവിഭൂതിയായും `കാള` യെ ശിവ വാഹനമായും` ത്രിശൂലം` ഭഗവാന്റെ ആയുധമായും കാണുന്നുവത്രെ.
പന്ത്രണ്ടുനാള്‍ നീളുന്ന വൃശ്‌ചിക മഹോത്‌സവം കരകൂടല്‍ ഘോഷയാത്രകളോടെയാണ്‌ തുടങ്ങുന്നത്‌. ക്ഷേത്രത്തിന്‌ വടക്കുഭാഗത്തെ കരകളുടെ ഘോഷയാത്ര ആശാന്റെ മുക്കില്‍ നിന്നും തെക്കുഭാഗത്തെ കരകളുടെ ഘോഷയാത്ര മുതുകാട്ടുകര ദേവീക്ഷേത്രത്തില്‍ നിന്നുമാണ്‌ ആരംഭിക്കുന്നത്‌. വാദ്യമേളങ്ങളും വേലകളിയും ഘോഷയാത്രയ്‌ക്ക്‌ പകിട്ടേകും. നൂറനാട്ട്‌ നടന്ന പടയോട്ടത്തിന്റെയും പടവെട്ടിന്റെയും ചരിത്രസ്‌മരണ ഉണര്‍ത്തുന്നതാണ്‌ കരകൂടല്‍ എന്ന ഈ ചടങ്ങ്‌. യുദ്ധം നീണ്ടുപോയപ്പോള്‍ സമാധാന കാംക്ഷികളായ നൂറനാട്ടെ കരനാഥന്മാര്‍ പാഴൂര്‍ മനയിലെത്തി തമ്പുരാനെ മധ്യസ്‌ഥനായി ക്ഷണിച്ചുവരുത്തി പടവെട്ട്‌ അവസാനിപ്പിച്ചവെന്ന്‌ ചരിത്രം പറയുന്നു. പാഴൂര്‍ തമ്പുരാന്റെ ഓര്‍മ്മയ്‌ക്കായി എല്ലാവര്‍ഷവും വൃശ്‌ചികച്ചിറപ്പിന്‌ കിഴക്കുവശത്തായി കുടില്‍ സ്‌ഥാപിച്ച്‌ അദ്ദേഹത്തിന്റെ വാളും പീഠവും പൂജിച്ച്‌ കെടാവിളക്ക്‌ വെയ്‌ക്കുന്നത്‌ ഇന്നും തുടര്‍ന്നു പോരുന്നു.