കൊച്ചിയില്‍ 12 മത്സ്യത്തൊഴിലാളികളെക്കൂടി തീരദേശസേന രക്ഷപ്പെടുത്തി

കൊച്ചി പുറംകടലില്‍നിന്ന് 12 മത്സ്യത്തൊഴിലാളികളെക്കൂടി തീരദേശസേന രക്ഷപ്പെടുത്തി. ഓള്‍മൈറ്റി എന്ന ബോട്ടിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ മത്സ്യത്തൊഴിലാളികളെയാണ് കോസ്റ്റ് ഗാര്‍ഡ് നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്. തീരത്ത് നിന്നും 50 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ബോട്ട് കണ്ടെത്തിയത്.

അതേസമയം ചുഴലിക്കാറ്റില്‍പെട്ട ബോട്ടില്‍ ഒഴുകി നടന്ന പതിനൊന്ന് മത്സ്യത്തൊഴിലാളികളെ കൂടി നാവികസേന കണ്ടെത്തിയിരുന്നു. ലക്ഷദ്വീപില്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് നാവികസേന ഇവരെ കണ്ടെത്തിയത്. രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളെ തീരത്ത് എത്തിച്ചിട്ടുണ്ട്.  തെരച്ചില്‍ ഏഴാം ദിവസവും തുടരുകയാണ്. കേരള,ലക്ഷദ്വീപ് തീദീരത്ത് 35 നോട്ടിക്കല്‍ മൈല്‍ ദൂരത്തില്‍ തെരച്ചില്‍ നടത്തി വരികയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി നാവിക സേനയുടെ 12 ബോട്ടുകളാണ് ഉള്ളത്. നേവിയുടെ തെരച്ചില്‍ സംഘത്തില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓഖി ചുഴലിക്കാറ്റില്‍ ഇതുവരെ 36 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ലക്ഷദ്വീപിലെ ബിത്രയില്‍ ഇന്നലെ കണ്ടെത്തിയ 72 മല്‍സ്യത്തൊഴിലാളികളെ നാവിക സേന അടുത്ത ദിവസം കേരളതീരത്ത് എത്തിക്കും. സര്‍ക്കാര്‍ കണക്കിനേക്കാള്‍ ഏറെ കൂടുതലാണ് ലത്തീന്‍ സഭ പുറത്തുവിട്ട കണക്ക്. കാണാതായവരെക്കുറിച്ച് സര്‍ക്കാര്‍ പക്കല്‍ കൃത്യമായ വിവരങ്ങള്‍ ഇപ്പോഴുമില്ലെന്നതാണ് പ്രധാന ആരോപണം.

അതേസമയം സംസ്ഥാനം നേരിട്ടത് അപ്രതീക്ഷിത ദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശക്തമായ ചുഴലിക്കാറ്റ് നൂറ്റാണ്ടിൽ ആദ്യമായിട്ടാണ് കേരളത്തിൽ ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.  ചുഴലിക്കാറ്റിനെ കുറിച്ച് നവംബർ 28ന് പ്രത്യേക മുന്നറിയിപ്പ് ലഭിച്ചില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് ഈ–മെയിൽ വഴിയോ ഫോൺ വഴിയോ മുന്നറിയിപ്പു ലഭിച്ചിട്ടില്ല. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വെബ്‌സൈറ്റില്‍ മാത്രമാണ് കടലില്‍ പോകുന്നതിനെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചത്.

30ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍നിന്ന് വിവരം ലഭിച്ചു. ന്യൂനമര്‍ദം തീവ്രമാകുമെന്ന വിവരമാണ് ലഭിച്ചത്. ആ ഘട്ടത്തിലും ചുഴലിക്കാറ്റിനെ കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. 30ന് ഉച്ചയ്ക്ക് ശേഷമാണ് ചുഴലിക്കാറ്റ് സംബന്ധിച്ച വിവരം ലഭ്യമായത്. മാനദണ്ഡം അനുസരിച്ച് 12 മണിക്കൂര്‍ ഇടവിട്ട് മുന്നറിയിപ്പ് നല്‍കേണ്ടതാണ്. ഓഖിയുടെ കാര്യത്തില്‍ മാനദണ്ഡം പാലിക്കപ്പെട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചുഴലിക്കാറ്റിൽ പെട്ട് മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുരുതരമായി പരിക്കേറ്റവർക്ക് അഞ്ച് ലക്ഷം രൂപ നൽകും. അപകടത്തിൽ പെട്ടവരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസവും തൊഴിൽപരിശീലനവും നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.  മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു മാസം സൗജന്യ റേഷന്‍ നല്‍കാനും തീരുമാനമായി.

ബോട്ടും വലയും നഷ്ടപ്പെട്ടവർക്ക് തത്തുല്യ ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തിൽ ഇരയായവരുടെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കും. കണ്ടെത്താനാവാത്ത തൊഴിലാളികളുടെ കുടുംബത്തിന് സഹായത്തിന് പ്രത്യേക സമിതി രൂപീകരിക്കും. മൽസ്യത്തൊഴിലാളികള്‍ക്ക് ഒരുമാസത്തേക്ക് സൗജന്യ റേഷൻ ലഭ്യമാക്കും.  തൊഴിൽ നഷ്ടപ്പെട്ടവർക്ക് ഒരാഴ്ചക്കാലത്തേക്ക് പ്രത്യേക ആശ്വാസം. മുതിർന്നവർക്ക് ദിവസേന 60 രൂപ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേന്ദ്രവും സംസ്ഥാനവും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. മുന്നറിയിപ്പു ലഭിക്കുന്നതിനു മുൻപേ മൽസ്യത്തൊഴിലാളികൾ കടലിൽ പോയിരുന്നു. നേവിയും കോസ്റ്റ് ഗാർഡും വിവരമറിഞ്ഞയുടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു.

കേരളത്തോടു ചേർന്നു കിടക്കുന്ന ലക്ഷദ്വീപിലേക്ക് മെഡിക്കൽ സംഘത്തെ അയയ്ക്കും. മറ്റു സംസ്ഥാനങ്ങളിലെത്തിയവരെ തിരിച്ചെത്തിക്കാൻ സഹായം ലഭ്യമാക്കും. ആഴക്കടലിൽ ഇത്ര സാഹസികമായ രക്ഷാദൗത്യം ഇതാദ്യമാണ്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുനഃസംഘടിപ്പിക്കും. 92 പേരെ ഇനിയും കണ്ടെത്താനുണ്ട്. പ്രതിരോധ സേനകൾ നടത്തുന്ന രക്ഷാപ്രവർത്തനങ്ങൾക്ക് സർക്കാർ നന്ദി അറിയിക്കുന്നതായും പിണറായി പറഞ്ഞു.