ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന് ചേരും

ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരും. വൈകിട്ട് മൂന്ന് മണിക്കാണ് യോഗം ചേരുന്നത്. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, മതമേലധ്യക്ഷന്‍മാര്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

സര്‍ക്കാര്‍ പ്രഖ്യാപിച്ച തീരദേശ പാക്കേജ് അപര്യാപ്തമാണെന്ന് മത്സ്യത്തൊഴിലാളികള്‍ ഉന്നയിച്ച സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.മത്സ്യത്തൊഴിലാളികളുടെയും കൂടി അഭിപ്രായം കണക്കിലെടുത്ത് പാക്കേജില്‍ മാറ്റംവരുത്താന്‍ സര്‍ക്കാര്‍ തയ്യാറായേക്കും. ഓഖി ചുഴലിക്കാറ്റില്‍ അകപ്പെട്ട് ദുരിതം ബാധിച്ചവര്‍ക്കായി സര്‍ക്കാര്‍ തയ്യാറാക്കിയ പ്രത്യേക പാക്കേജിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിരുന്നു. വ്യാപ്തി കണക്കിലെടുത്ത് ദുരിതാശ്വാസ നിധിയില്‍ ഇളവ് നല്‍കാനും പാക്കേജ് നടപ്പിലാക്കാന്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട സമിതിയെ രൂപീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ദുരിതബാധിതര്‍ക്കായുള്ള ചികിത്സ സഹായമുള്‍പ്പെടെയുള്ളവ വര്‍ധിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ധനസഹായം അടിയന്തരമായി വിതരണം ചെയ്യാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായിരുന്നു.

അതേസമയം ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ പെട്ടുപോയവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. നാവികസേനയുടേയും തീര സംരക്ഷണ സേനയുടേയും കപ്പലുകളാണ് തെരച്ചില്‍ നടത്തുന്നത്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ബോട്ടുകളും കടലിലുണ്ട്.