ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തില്‍

ഓഖി ദുരന്തത്തിന്റെ നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും. സന്ദര്‍ശനത്തിന് ശേഷം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേന്ദ്രം പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക. കേന്ദ്രആഭ്യന്തര അഡീഷണല്‍ സെക്രട്ടറി വിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനത്തിന് എത്തുന്നത്. സന്ദര്‍ശനം നാല് ദിവസം നീണ്ടു നില്‍ക്കും. പുനരധിവാസ പാക്കേജ് അടക്കമുള്ള ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന കേന്ദ്രത്തിന്റെ ഉറപ്പിന് പിന്നാലെയാണ് വിദഗ്ധസംഘം എത്തുന്നത്.

നാലു ദിവസം സംഘം സംസ്ഥാനത്തെ ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കും. കേന്ദ്രസഹായം അടിയന്തിരമായി വേണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട് . 7340 കോടി രൂപയുടെ പ്രത്യേക പാക്കേജും ആവശ്യപ്പെട്ടിട്ടുണ്ട്. ഓഖി ദുരന്തം നാശം വിതച്ച കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ കേന്ദ്ര സംഘം സന്ദര്‍ശനം നടത്തണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി വിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘം എത്തുന്നത്. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് കേന്ദ്രസംഘം ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ സംഘം സന്ദര്‍ശനം നടത്തും. ഓരോ ജില്ലകളിലും സംഘത്തോടൊപ്പം അതാത് ജില്ലാ കലക്ടര്‍മാരുമുണ്ടാകും.

Show More

Related Articles

Close
Close