കേന്ദ്ര പ്രതിരോധമന്ത്രി വിഴിഞ്ഞത്ത്; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച കേരളത്തിലെ തിരുവനന്തപുരത്ത് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ സന്ദര്‍ശനം നടത്തുന്നു. കഴിഞ്ഞ ദിവസം കന്യാകുമാരി സന്ദര്‍ശിച്ച ശേഷമാണ് കേന്ദ്രമന്ത്രി തിരുവനന്തപുരം വിഴിഞ്ഞത്ത് എത്തിയത്. മത്സ്യതൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് നിര്‍മല സീതാരാമന്‍ ദുരിതബാധിത മേഖല സന്ദര്‍ശിച്ച് ജനങ്ങളോട് പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ആധുനിക സംവിധാനങ്ങലാണ്  ഉപയോഗിക്കുന്നത്. കടലില്‍ കാണാതായ എല്ലാവരെയും കണ്ടെത്തുന്നത് വരെ തെരച്ചില്‍ തുടരുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

തീര പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. 11 മണിയോടെയായിരിക്കും മുഖ്യമന്ത്രി പിണറായി വജയനുമായുള്ള കൂടിക്കാഴ്ച. അതേസമയം, കാണാതായ 11 മത്സ്യതൊഴിലാളികളെ കൂടി കണ്ടെത്തി. 96 പേരോളം കടലില്‍ കുടുങ്ങിയിട്ടുണ്ടെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍.

സന്ദര്‍ശനത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ കാണുന്ന പ്രതിരോധമന്ത്രി രക്ഷാപ്രവര്‍ത്തന നടപടിക്രമങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്‌തേക്കും. അതിനിടെ, നിര്‍മല സീതാരാമന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് അവലോകനയോഗം ചേര്‍ന്നു. മന്ത്രിമാരായ മേഴ്‌സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.