ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യം; വിഎസ് അച്യുതാനന്ദന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു

കനത്ത നാശനഷ്ടം വിതച്ച ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് വള്ളവും വലയും നഷ്ടപ്പെട്ട് ദുരിതത്തിലാണ് കഴിയുന്നത്. കടലില്‍ പോയ 91 പേരെ ഇനിയും കണ്ടെത്താനുണ്ട്. എത്രപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്ന് കൃത്യമായ കണക്കുകളില്ല. കടലില്‍ ബോട്ടും മറ്റ് മീന്‍ പിടുത്ത സാമഗ്രികളും നഷ്ടപ്പെട്ട് മത്സ്യ തൊഴിലാളികള്‍ നിരവധിയാണ്. ഇവര്‍ക്കും ആവശ്യമായ സഹായം എത്തിക്കേണ്ടി വരും. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ട് വിഎസ് കത്ത് എഴുതിയത്. നേരത്തെ ഇതേ ആവശ്യം വിവിധ കോണുകളില്‍ നിന്നുമുണ്ടായിരുന്നു.

ഓഖി ചുഴലിക്കാറ്റു മൂലം ദുരന്തം നേരിട്ടവര്‍ക്കായി കേരള സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ വീതം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. എന്നാല്‍ ദുരന്തം വിതച്ച കെടുതികള്‍ പരിഹരിക്കാന്‍ ഈ തുക പ്രാപ്തമല്ല. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന്‍ കേരളം സന്ദര്‍ശിച്ചിരുന്നുവെങ്കിലും ദുരന്തത്തില്‍ സഹായ വാഗ്ദാനങ്ങള്‍ ഒന്നുമുണ്ടായില്ല.

കേരളത്തിലും തമിഴ്‌നാട്ടിലും ലക്ഷദ്വീപിലും ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കനത്ത നാശനഷ്ടമാണ് ഉണ്ടായത്.