അമിത പലിശ ഈടാക്കുന്നവരെ കാപ്പ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരും-രമേശ് ചെന്നിത്തല

 

ramesh chennithala

അമിത പലിശ ഈടാക്കുന്നവരെ കാപ്പ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനുള്ള ബില്‍ വൈകാതെ നിയമസഭയില്‍ അവതരിപ്പിക്കും. അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കൊല്ലത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സഹകരണ മേഖലയിലേതടക്കമുള്ള ബാങ്കുകള്‍ പാവപ്പെട്ടവര്‍ക്ക് വായ്പ കൊടുക്കുന്നതില്‍ മടികാണിക്കുന്നത് ശരിയല്ല. പാവപ്പെട്ടവര്‍ വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നവരാണ്. എന്നാല്‍ പൊതുമേഖലാ ബാങ്കുകളിലെ വമ്പന്മാരുടെ കിട്ടാക്കടം 1.7 ലക്ഷം കോടിയാണ്. വിജയ് മല്യയുടെ മാത്രം കടം 7,000 കോടി വരും. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുള്ളതിനേക്കാള്‍ രണ്ട് ശതമാനം പലിശ കൂട്ടിവാങ്ങിക്കാനുള്ള അനുമതി മാത്രമേയുള്ളൂ. അതില്‍ കൂടുതല്‍ വാങ്ങുന്നത് ശിക്ഷാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. പി.കെ.ഗുരുദാസന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സി.രാജന്‍, തൊടിയൂര്‍ രാജേന്ദ്രന്‍, ജി.വിക്രമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.