ഒ.രാജഗോപാല്‍ വിഎസിനെയും ഗൗരിയമ്മയേയും പോലെ സമാദരണീയന്‍; മന്ത്രി എ.കെ. ബാലന്‍!

ബിജെപി നേതാവ് ഒ.രാജഗോപാലിനെ പുകഴ്ത്തി മന്ത്രി എ.കെ. ബാലന്‍. ഒ.രാജഗോപാല്‍ എം എല്‍ എ യുടെ നവതി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിലാണ് സിപിഎം നേതാവ് കൂടിയായ ബാലന്‍ ബിജെപി നേതാവിനെ പുകഴ്ത്തിയത്. വിഎസ് അച്യുതാനന്ദന്‍, കെആര്‍ ഗൗരിയമ്മ എന്നീ നേതാക്കളെ പോലെ സമാദരണീയനാണ് രാജഗോപാല്‍ എന്ന് പറഞ്ഞ മന്ത്രി വാക്കുകള്‍ കൊണ്ട് പോലും അദ്ദേഹം എതിരാളികളെ  നോവിക്കാറില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ബിജെപിയുടെ ഏറ്റവും പ്രിയപ്പെട്ട ജനകീയ സ്ഥാനാര്‍ത്ഥിയായി പലവട്ടം മത്സരിച്ച് തോറ്റെങ്കിലും ആര്‍ക്കും പ്രവചിക്കാനാകാത്ത മത്സരത്തില്‍ വിജയിച്ചു. എക്കാലത്തും ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച അദ്ദേഹം സൗമ്യതയും വിനയവും കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അടയാളപ്പെടുത്തട്ടെയെന്നും ബാലന്‍ പറഞ്ഞു.

നവതി ആഘോഷത്തിനു തുടക്കം കുറിച്ച് മണപ്പാടം കണ്ണന്നൂര്‍ ശ്രീകാര്‍ത്ത്യായനി ഭഗവതി ക്ഷേത്രത്തില്‍ നിര്‍മ്മിച്ച നവതി സ്മൃതി മണ്ഡപത്തിന്റെയും,വിവാഹമണ്ഡപത്തിന്റെയും സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.