മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ ഈജിപ്തിലെത്തിച്ച് അവയവ വ്യാപാരം; മുംബൈയില്‍ ഇടനിലക്കാര്‍ പിടിയില്‍

മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ ഈജിപ്തിലെത്തിച്ച് അവയവ വ്യാപാരം നടക്കുന്നതായി റിപ്പോര്‍ട്ട്. മുംബൈയില്‍ നിന്ന് ഇടനിലക്കാര്‍ പിടിയിലായി. ഇന്ത്യയിലെ ഇടനിലക്കാരന്‍ സുരേഷ് പ്രജാപതി ,നിസാമുദീന്‍ എന്നിവരാണ് പിടിയിലായിട്ടുണ്ട്. വൃക്കവ്യാപാരത്തിന് ഈജിപ്തിലെ കെയ്‌റോയില്‍ ഇടത്താവളമൊരുക്കുന്നത് ഇവരാണെന്നാണ് കരുതുന്നത്. വൃക്ക വില്‍പനയ്ക്കാണ് ആളുകളെ ഈജിപ്തിലെത്തിക്കുന്നതെന്ന് ഇരുവരും മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. കേരളത്തിനു പുറമെ ഡല്‍ഹി, കശ്മീര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നും ആളുകളെ ഈജിപ്തിലേക്ക് വൃക്കവ്യാപാരത്തിന് കൊണ്ടുപോകുന്നുണ്ടെന്നാണ് വെളിപ്പെടുത്തല്‍. ടൂറിസ്റ്റ് വിസയിലാണ് ഇവരെ ഈജിപ്തിലെത്തിക്കുന്നത്.

മേയ്, ജൂലൈ മാസങ്ങളില്‍ മാത്രം ആറുപേരെ വൃക്കവില്‍ക്കാന്‍ ഈജിപ്തില്‍ എത്തിച്ചിട്ടുണ്ട്. എന്നാല്‍, ഇതില്‍ മലയാളികളുണ്ടോയെന്ന് വ്യക്തമല്ല. ഈജിപ്തിത്തിച്ച ആറുപേരില്‍, നാലുപേരുടെ ശസ്ത്രക്രിയ കഴിഞ്ഞെന്ന് പ്രതി പറഞ്ഞായി പൊലീസ് വ്യക്തമാക്കി. ആവശ്യക്കാരില്‍നിന്ന് ഈ ഏജന്റുമാര്‍ ലക്ഷങ്ങള്‍ വാങ്ങിയശേഷം ചെറിയൊരു വിഹിതമായിരിക്കും ദാതാക്കള്‍ക്ക് നല്‍കുകയെന്നും പൊലീസ് പറയുന്നു.