‘വ്യവസായികള്‍ക്കൊപ്പം നില്‍ക്കുന്നതില്‍ ഭയമില്ല’: പ്രധാനമന്ത്രിയുടെ സുഹൃത്തിന് നികുതിദായകര്‍ പണം നല്‍കേണ്ടി വരുമെന്ന രാഹുലിന്റെ ആരോപണത്തിന് മറുപടിയുമായി മോദി

‘രാജ്യ പുരോഗതിയില്‍ നിര്‍ണായക പങ്കു വഹിക്കുന്നവരാണ് വ്യവസായികള്‍. എന്തിനാണു നാം അവരെ നിന്ദിക്കുന്നത്? എന്തിനാണവരെ കള്ളന്മാരെന്നു വിളിക്കുന്നത്? മറ്റു ചിലരെപ്പോലെ, അവര്‍ക്കൊപ്പം നില്‍ക്കുന്നതില്‍ യാതൊരു ഭയവുമില്ല’: പ്രധാനമന്ത്രി പറഞ്ഞു. ഒരു വ്യവസായിക്കുവേണ്ടി സർക്കാർ റഫാൽ കരാറിൽ മാറ്റം വരുത്തിയെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ലോക്സഭയിൽ ആരോപണം ഉന്നയിച്ചിരുന്നു.  ഇതിനാണു പരോക്ഷ മറുപടിയുമായി മോദി രംഗത്തെത്തിയത്.

ഒരു വിമാനം പോലും നിര്‍മിച്ചു പരിചയമില്ലാത്ത വ്യവസായിയെ റഫാല്‍ ഇടപാടില്‍ മോദി പങ്കാളിയാക്കിയെന്നായിരുന്നു അനില്‍ അംബാനിയെ പേരെടുത്ത് പറയാതെയുള്ള രാഹുലിന്റെ വിമര്‍ശനം. 35,000 കോടി രൂപ കടത്തിലായിരുന്ന വ്യവസായി ഇതുവഴി 45,000 കോടി രൂപ ലാഭമുണ്ടാക്കി എന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇന്നലെ തന്റെ ട്വിറ്ററിലിട്ട പോസ്റ്റിലും രാഹുല്‍ മോദിക്കെതിരെ ഇതേ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

രാജ്യത്തു വ്യവസായങ്ങൾ ആരംഭിക്കാൻ ഏറ്റവും എളുപ്പമുള്ള അഞ്ചു സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തർ പ്രദേശെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ബിഎസ്പി സർക്കാർ അധികാരത്തിലിരിക്കെ അഞ്ചു വർഷം ആകെ 50,000 കോടിയാണ് യുപിയിൽ ചെലവഴിച്ചത്. എന്നാൽ ബിജെപി ഒരൊറ്റ വർഷം കൊണ്ടു ചെലവിട്ടതാകട്ടെ 60,000 കോടിയും. 50,000 കോയുടെ പദ്ധതികളും വരാനിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.