പി ജയരാജനെതിരെ യുഎപിഎ; സിബിഐ കുറ്റപത്രം സമർപ്പിച്ചു

കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. യുഎപിഎ 18ാം വകുപ്പ് ഉള്‍പ്പെടെ ചുമത്തിയാണ് കുറ്റപത്രം. കൊലയുടെ മുഖ്യ സൂത്രധാരന്‍, ജില്ലയിലെ സാമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു തുടങ്ങിയ ഗുരുതരമായ കണ്ടെത്തലുകളും കുറ്റപത്രത്തിലുണ്ട്. മനോജ് വധം നടന്ന് നാളെ ഒരു വര്‍ഷം തികയാനിരിക്കെയാണ് പി.ജയരാജന് കുരുക്ക് മുറുക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. കൊച്ചിയിലെ സിബിഐ മൂന്നാം കോടതിയില്‍ സമര്‍പ്പിച്ച രണ്ടാഘട്ട കുറ്റപത്രത്തില്‍ ജയരാജന്‍ ഉള്‍പ്പെടെ 6 പേരാണ് ഗൂഢാലോചനാ പ്രതിപ്പട്ടികയില്‍.

ജയരാജന്‍ 25ാം പ്രതിയായ കേസില്‍ പയ്യന്നൂരിലെ സിപിഎം മുന്‍ ഏരിയാ സെക്രട്ടറി ടിഎ മധുസൂധനന്‍, റെജിലേഷ്, ഷജിലേഷ്, മഹേഷ് എന്നിവരും ഉള്‍പ്പെടുന്നു. പി.ജയരാജന് മനോജിനോടുള്ള വ്യക്തി വിരോധമാണ് കൊലയ്ക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടുന്ന കുറ്റപത്രത്തില്‍ കൊലയാളി സംഘത്തിന് വേണ്ട സഹായങ്ങള്‍ ചെയ്തുനല്‍കി. ജില്ലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുകയും കലാപത്തിനും സംഘര്‍ഷത്തിനും വഴിമരുന്നിടുകയും ചെയ്തതായി വ്യക്തമാക്കുന്നു. തന്റെ വലംകൈയ്യായ വിക്രമന് സഹായത്തിനായി കേസിലെ മറ്റ് പ്രതികളെ ഒപ്പം നല്‍കിയത് ജയരാജനാണെന്നും പരാമര്‍ശമുണ്ട്. 2014 സപ്തംബര്‍ ഒന്നിനാണ് വാനില്‍ സഞ്ചരിക്കുകയായിരുന്ന മനോജിനെ ഒരുസംഘം ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയത്. അതേസമയം സിബിഐ കുറ്റപത്രത്തിലെ യുഎപിഎ വകുപ്പിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ജയരാജന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.