വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് റിമാന്‍ഡില്‍

ലക്കിടി കോളെജിലെ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ പി കൃഷ്ണദാസ് ഉള്‍പെടെ അഞ്ച് പേരെ വടക്കാഞ്ചേരി കോടതി റിമാന്‍ഡ് ചെയ്തു. ഒരു ദിവസത്തേക്കാണ് റിമാന്‍ഡ്. ഇവരുടെ ജാമ്യാപേക്ഷ നാളെ വീണ്ടും പരിഗണിക്കും.

കൃഷ്ണദാസടക്കം നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലീഗല്‍ അഡൈ്വസര്‍ സുചിത്ര, പിആര്‍ഔ വല്‍സല കുമാര്‍, അധ്യാപകന്‍ സുകുമാരന്‍ എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.തട്ടിക്കൊണ്ടു പോകല്‍, മര്‍ദ്ദനം, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് കൃഷ്ണദാസിനെതിരെ ചുമത്തിയിരുന്നത്. തന്നെ മര്‍ദിച്ചെന്ന് കാട്ടിയായിരുന്നു വിദ്യാര്‍ത്ഥിയായ സഹീറിന്റെ പരാതി.

പാമ്പാടി നെഹ്‌റു കോളേജില്‍ ജിഷ്ണു പ്രണോയ് ആത്മഹത്യചെയ്ത സംഭവത്തില്‍ പി കൃഷ്ണദാസിനെതിരെ പ്രേരണക്കുറ്റം ചുമത്തിയിരുന്നു. റിമാന്‍ഡ് വാര്‍ത്ത പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥികള്‍ ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്. ക്യാംപസില്‍ നിന്നും നാസിക് ഡോള്‍ ബാന്റുമായി പാമ്പാടി ജംഗ്ഷനിലേക്ക് വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തി.