വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി ബാര്‍കോഴക്കേസ് അട്ടിമറിച്ചു

ബാര്‍കോഴക്കേസ് വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി അട്ടിമറിച്ചെന്ന് കേസ് അന്വേഷിച്ച വിജിലന്‍സ് എസ്പി ആര്‍. സുകേശന്റെ വെളിപ്പെടുത്തല്‍. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയിലാണ് സുകേശന്‍ ഹര്‍ജി സമര്‍പിച്ചത്. ബാര്‍കേസ് ഡയറിയില്‍ ശങ്കര്‍ റെഡ്ഡി നിര്‍ബന്ധിച്ച് കൃത്രിമം നടത്തിയെന്നും മാണിക്കെതിരെ കുറ്റപത്രം വേണമെന്ന രണ്ടാം വസ്തുതാ വിവര റിപ്പോര്‍ട്ട് തള്ളിയെന്നും സുകേശന്‍ ഹര്‍ജിയില്‍ ആരോപിച്ചു. കേസില്‍ തുടരന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. മുന്‍ ധനമന്ത്രി കെഎം മാണിക്കെതിരായ ബാര്‍കോഴ കേസ് വിജിലന്‍സ് ഡയറക്ടറായിരുന്ന എഡിജിപി ശങ്കര്‍ റെഡ്ഡി ഇടപെട്ട് തള്ളുകയായിരുന്നെന്ന പുതിയ വെളിപ്പെടുത്തലാണ് സുകേശന്‍ നടത്തിയത്. ബാറുടമകള്‍ മാണിക്കെതിരെ നല്‍കിയ മൊഴി വെട്ടിമാറ്റിയെന്നും തുടരന്വേഷണം ആവശ്യപ്പെട്ടുള്ള സുകേശന്റെ ഹര്‍ജിയില്‍ പറയുന്നു. കേസില്‍ മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പിച്ചിരിക്കെയാണ് പുതിയ വഴിത്തിരിവ്.