പള്‍സര്‍ സുനിക്ക് മനുഷ്യക്കടത്തുമായി ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിക്കണമെന്ന് പിടി തോമസ് എംഎല്‍എ.

യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രധാനി പള്‍സര്‍ സുനിക്ക് മനുഷ്യക്കടത്തുമായി ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിക്കണമെന്ന് പിടി തോമസ് എംഎല്‍എ. സുനി മനുഷ്യക്കടത്തു സംഘത്തിലെ മുഖ്യ കണ്ണിയാണെന്നും ഇയാള്‍ വ്യാജ പാസ് പോര്‍ട്ട് സംഘടിപ്പിച്ച് വിദേശ യാത്രകള്‍ നടത്തിയിട്ടുണ്ടെന്നും പിടി തോമസ് വ്യക്തമാക്കി.

സുനി മനുഷ്യക്കടത്തിനായി ആരെയൊക്കെ ഉപയോഗിച്ചെന്നും അതു പോലെ അയാള്‍ നടത്തിയ വിദേശ യാത്രകളെക്കുറിച്ചും അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. പ്രതി മുമ്പും താരങ്ങളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി നിര്‍മാതാവ് സുരേഷ് കുമാര്‍ പറഞ്ഞിരുന്നു. അന്ന് എന്തുകൊണ്ട് ഇക്കാര്യത്തില്‍ അന്വേഷണം ഉണ്ടായില്ല എന്നകാര്യം പരിശോധിച്ചാല്‍ ഇപ്പോഴത്തെ കേസിന് ആധാരമായ നിരവധി കാര്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സാധിക്കുമെന്നും എംഎല്‍എ പറഞ്ഞു.

സുനിയെ കുറിച്ച് കൂടുതലായി അന്വേഷണം നടത്തുന്നതാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിട്ടുണ്ടെന്നും അയാളെ കുറിച്ചുള്ള ഇത്തരം വിവരങ്ങള്‍ തനിക്ക് ഏറെ വിശ്വാസമുള്ള വ്യക്തിയാണ് നല്‍കിയതെന്നും തോമസ് പറഞ്ഞു.