പി.വി.അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനം; ആര്‍ഡിഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

പി.വി.അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പെരിന്തല്‍മണ്ണ ആര്‍ഡിഒ സമര്‍പ്പിച്ചു. റിപ്പോര്‍ട്ടില്‍ നിയമലംഘനം സ്ഥിരികരിച്ചെന്ന് സൂചന. മലപ്പുറം ജില്ലാ കലക്ടര്‍ക്കാണ് ആര്‍ഡിഒ റിപ്പോര്‍ട്ട് കൈമാറിയത്. ചീങ്കണ്ണിപ്പാലയില്‍ റോപ്പ്‌വേയും തടയണയം നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ടാണ് റിപ്പോര്‍ട്ട്. 14 പേജുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്. 8 പേജില്‍ തടയണയുമായി ബന്ധപ്പെട്ട വിവരങ്ങളും 6 പേജില്‍ ചിത്രങ്ങളുമാണ് ഉള്ളത്.

വനംവകുപ്പും പഞ്ചായത്തും അന്‍വറിന്റെ നിയമലംഘനം നേരത്തെ സ്ഥിരീകരിച്ചിരുന്നു. അതേസമയം എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലയിലെ തടയണ പൊളിക്കുന്നതു സംബന്ധിച്ച അന്തിമ തീരുമാനം വൈകുമെന്നാണ് നേരത്തെ ഉണ്ടായിരുന്ന സൂചന. ഇതുസംബന്ധിച്ച് ആര്‍ഡിഒ വിളിച്ചു ചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു. തടയണ സംബന്ധിച്ച റിപ്പോര്‍ട്ട് പഞ്ചായത്ത് സമര്‍പ്പിച്ചില്ലെന്നും പഞ്ചായത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും ആര്‍ഡിഒ പറഞ്ഞിരുന്നു.

മാസങ്ങൾക്ക് മുമ്പ് മലപ്പുറം ജില്ലാ കലക്ടറായിരുന്ന ടി.ഭാസ്‌കരനാണ് തടയണ പൊളിക്കാനുള്ള ഉത്തരവ് ആദ്യം നൽകിയത്. എന്നാൽ ഈ ഉത്തരവ്  പൊതുമരാമത്ത് വകുപ്പ് വൈകിപ്പിച്ചു. ഡാം പൊളിക്കാനുള്ള സാങ്കേതിക ശേഷിയില്ലെന്ന് പറഞ്ഞാണ് പി.ഡബ്ല്യൂ.ഡി അധികൃതർ കൈമലർത്തിയത്. തുടർന്ന് ഡാം പൊളിക്കാനുള്ള ചുമതല ഇപ്പോഴത്തെ കളക്ടർ അമിത് മീണ ഇറിഗേഷൻ വകുപ്പിനെ ഏൽപ്പിച്ചത്. എന്നാൽ ഇതും നീളുകയായിരുന്നു.

അൻവറിനെതിരെ  പ്രത്യക്ഷ സമരവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഈ മാസം 20ന് കോഴിക്കോട് കലക്ടറേറ്റിന് മുന്നിൽ ഡി.സി.സി രാപ്പകൽ സമരം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കും.