പിവി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ്

പ്രവാസി വ്യവസായിയുടെ പണം തട്ടിയ കേസില്‍ പിവി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി. ഐപിസി 420 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 7 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.

ക്വാറി ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 50 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. അതേസമയം, പിവി അന്‍വറിന്റെ നിയമലംഘനങ്ങള്‍ക്കെതിരെ ബിജെപി രാപ്പകല്‍ സമരത്തിനൊരുങ്ങുകയാണ്. ജനുവരി നാലിന് കൂടരഞ്ഞിയിലാണ് ബിജെപിയുടെ രാപ്പകല്‍ സമരം. ഭൂമി ഇടപാടുകളിലും വന്‍ തട്ടിപ്പാണ് പിവി അൻവര്‍ നടത്തിയിരിക്കുന്നത്.  ആദായ വിലയ്ക്കാണ് കേരളത്തിലെ ഭൂമി അന്‍വര്‍ സ്വന്തമാക്കിയിരിക്കുന്നത്.  അന്‍വറിന്റെ 205 ഏക്കര്‍ ഭൂമിയ്ക്ക് രേഖകളില്‍ കാണിച്ചിരിക്കുന്നത് 118800 രൂപ മാത്രം.   ഒരു സെന്റ് ഭൂമിയ്ക്ക് അന്‍വര്‍ നല്‍കിയത് 57 രൂപയാണ്. ഇതേത്തുടര്‍ന്ന് സര്‍ക്കാരിന് നികുതി ഇനത്തില്‍ ലക്ഷങ്ങളാണ് നഷ്ടമുണ്ടായിരിക്കുന്നത്. ഇതിന് തെളിവ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലുമുണ്ട്.

നികുതി വെട്ടിച്ചുവെന്ന പരാതിയില്‍ എംഎല്‍എയ്‌ക്കെതിരേ ആദായനികുതി വകുപ്പ് നേരത്തെ തന്നെ അന്വഷണം പ്രഖ്യാപിച്ചിരുന്നു.അന്‍വറിന്റെ ഭൂമി തട്ടിപ്പിനെതിരെ നേരത്തെ റവന്യൂ വകുപ്പും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.അനധികൃത ഭൂമി സമ്പാദനത്തെ കുറിച്ചാണ് അന്വേഷണം.എംഎല്‍എയ്ക്ക് അനധികൃത ഭൂമിയുള്ള വില്ലേജുകളിലാണ് അന്വേഷണം തുടങ്ങിയത്. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മലപ്പുറം ജില്ലാ കലക്ടറോട് റവന്യൂ സെക്രട്ടറിയാണ് നിര്‍ദേശം നല്‍കിയത്. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ചിരിക്കുന്ന രേഖകള്‍ പ്രകാരം 207 ഏക്കറോളം ഭൂമി എംഎല്‍എയുടെ ഉടമസ്ഥതയിലുണ്ട്. പാരമ്പര്യമായി കിട്ടിയ സ്വത്തല്ലെന്നും വ്യക്തമാക്കുന്നു. വരുമാനമില്ലെങ്കില്‍ ഭൂമി എങ്ങനെ എംഎല്‍എ വാങ്ങിക്കൂട്ടിയെന്നതിലാണ് അന്വേഷണം.

അതേസമയം പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചെന്ന ആരോപണം നേരിടുന്ന പി.വി.അന്‍വര്‍ നിയമസഭ പരിസ്ഥിതി സമിതി അംഗമാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. നിയമം ലംഘിച്ചു പുഴയുടെ ഒഴുക്ക് തടഞ്ഞു, അധികം ഭൂമികൈവശം വച്ചു എന്നീ പരാതികള്‍ ഉയര്‍ന്നിട്ടും പി.വി. അന്‍വര്‍ സമിതിയില്‍ അംഗമായി തുടരുകയാണെന്നാണ് ആരോപണം. കയ്യേറ്റം ഉള്‍പ്പെടെയുള്ള പരാതികള്‍ പരിശോധിക്കുന്ന സമിതിയില്‍, ആരോപണവിധേയനായ എംഎല്‍എ തുടരുമ്പോള്‍ സമിതിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.

എംഎല്‍എ ആവുന്നതിനു മുമ്പു തന്നെ പി.വി. അന്‍വര്‍ പരിസ്ഥിതി നിയമലംഘനം തുടങ്ങിയിട്ടുണ്ടെന്നതിന് തെളിവാണ് കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാറയിലെ സ്വകാര്യ ഭൂമിയില്‍ അന്‍വര്‍ തടയണ നിര്‍മിച്ചത്. അരുവിയുടെ ഒഴുക്കു തടസപ്പെടുത്തിയുള്ള അനധികൃത തടയണ പൊളിച്ചു മാറ്റണമെന്നു ജില്ലാ ഭരണകൂടം പിന്നാലെ ഉത്തരവിട്ടു. പാര്‍ക് തടയണ നിര്‍മാണങ്ങളെത്തുടര്‍ന്നു വിവാദത്തിലായ പി.വി. അന്‍വര്‍ 2016ലെ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചു നിയമസഭാംഗമായി.