തകര്‍ന്ന കെട്ടിടത്തില്‍ ആരും കുടുങ്ങിയിട്ടില്ല; തിരച്ചില്‍ അവസാനിപ്പിച്ചു

പാലക്കാട് തകര്‍ന്നു വീണ കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിക്കിടപ്പില്ലെന്ന് ഉറപ്പുവരുത്തി തിരച്ചില്‍ രണ്ടാം ദിവസം അവസാനിപ്പിച്ചു. ബലക്ഷയം കണക്കിലെടുത്ത് അപകടമുണ്ടായ കെട്ടിട സമുച്ചയത്തിലെ 25 സ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്ത് പൂട്ടി.

നഗരത്തിലെ കെട്ടിടങ്ങളുടെ കാലപ്പഴക്കം കണ്ടെത്താനുളള പരിശോധനയും തുടങ്ങി. ഇന്നലെ ഉച്ചയ്ക്കാണ് മൂന്നുനില കെട്ടിടം തകര്‍ന്നുവീണു. 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

തകര്‍ന്നു വീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരും കുടുങ്ങിക്കിടപ്പില്ലെന്ന് ഉറപ്പാക്കുന്നതിനായിരുന്നു രണ്ടാംദിവസവും യുദ്ധകാലടിസ്ഥാനത്തിലുളള തിരച്ചില്‍ നടത്തിയത്.

അഗ്‌നിശമന, ദേശീയ ദുരന്തനിവാരണ സേനകള്‍ നടത്തിയ പരിശോധനയും പൊലീസ് റവന്യൂ വിഭാഗത്തിന്റെ ഏകോപനവും നടപടികള്‍ വേഗത്തിലാക്കി.

കെട്ടിടത്തിന്റെ മൂന്നാംനിലയിലെ ലോഡ്ജ് മുറികള്‍ അനധികൃതമായി കെട്ടിപ്പൊക്കിയതാണെന്ന് കണ്ടെത്തിയതോടെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കെട്ടിട ഉടമയ്‌ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യാശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

അപകടാവസ്ഥ കണക്കിലെടുത്ത് കെട്ടിടത്തിലുണ്ടായിരുന്ന ഓഫീസുകളും വ്യാപാരശാലകളുമടക്കം 25 കടമുറികള്‍ ഉദ്യോഗസ്ഥര്‍ പൂട്ടി സീല്‍ ചെയ്തു. മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡിലെ നഗരസഭയുടെ വാണിജ്യ സമുച്ചയവും അടച്ചു പൂട്ടി.