50 കോടി രൂപയ്ക്ക് മുകളിലുള്ള വായ്പയ്ക്ക് പാസ്‌പോര്‍ട്ട് നിര്‍ബന്ധം

50 കോടി രൂപയ്ക്ക് മുകളില്‍ വായ്പ എടുക്കുന്നതിന് പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കുന്നു. ഇത്ര വലിയ തുക വായ്പ എടുക്കുന്നവര്‍ പാസ്‌പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ബാങ്കിന് കൈമാറണമെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി രാജീവ് കുമാര്‍ അറിയിച്ചു. പിഎന്‍ബി തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി.

ബാങ്കില്‍ നിന്നും വന്‍തുക വായ്പ ആയി തട്ടിയെടുത്ത് രാജ്യം വിടുന്നത് തടയാന്‍ വേണ്ടിയാണ് ഈ നീക്കമെന്നും സാമ്പത്തിക കാര്യ സെക്രട്ടറി അറിയിച്ചു. നിലവില്‍ 50 കോടി രൂപയ്ക്ക് മുകളില്‍ വായ്പയുള്ള വ്യക്തികളില്‍ നിന്നും 45 ദിവസത്തിനകം പാസ്‌പോര്‍ട്ടിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ ബാങ്കിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാസ്‌പോര്‍ട്ട് വിശദംശങ്ങള്‍ കൈമാറാത്ത പക്ഷം ബാങ്ക് അധികൃതര്‍ക്ക് നടപടിയെടുക്കാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു.