എതിര്‍ക്കുന്നവര്‍ പാര്‍ട്ടിക്കാരല്ല, പാര്‍ട്ടിയെ ചിന്നമ്മ തന്നെ നയിക്കുമെന്ന് പനീര്‍ശെല്‍വം

“പ്രതിസന്ധി ഘട്ടങ്ങളില്‍ ജയലളിതയ്‌ക്കൊപ്പം എന്നും നിന്നയാളാണ് ശശികല. ജയയുടെ വിശ്വസ്ത. അമ്മയ്ക്ക് സഹോദരിയെ പോലെ. 30 വര്‍ഷക്കാലം ജയയോടൊപ്പം നിന്ന ശശികല ജയയുടെ രാഷ്ട്രീയ ശൈലി ഹൃദിസ്ഥമാക്കിയിട്ടുണ്ട്. അമ്മയുടെ അവസാന ശ്വാസം വരെ നിഴലായി നിന്നു. അമ്മയെ പോലെ ചിന്നമ്മയ്ക്കും ഓരോ അണികളെയും അടുത്തറിയാം. പാര്‍ട്ടിയെ അച്ചടക്കത്തോടെ നയിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ ചിന്നമ്മ പാര്‍ട്ടി നേതൃസ്ഥാനം ഏറ്റെടുക്കണം. ജയയുടെ വിയോഗത്തില്‍ പാര്‍ട്ടിയില്‍ ഉണ്ടായ ശൂന്യത നികത്താന്‍ ചിന്നമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കണമെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും മന്ത്രിമാരുമാണ് ആവശ്യപ്പെട്ടത്.”

                                                           ഒ പനീര്‍ശെല്‍വം

എഐഎഡിഎംകെയെ ചിന്നമ്മ തന്നെ നയിക്കും. ഇക്കാര്യത്തില്‍ അഭിപ്രായ ഭിന്നതയുള്ളവര്‍ യഥാര്‍ത്ഥ പാര്‍ട്ടി പ്രവര്‍ത്തകരല്ലെന്നും പനീര്‍ശെല്‍വം പറഞ്ഞു.ജയലളിതയോട് കാട്ടിയ വിധേയത്വം തോഴി ശശികലയോടും കാട്ടിയാണ്  തമിഴ്‌നാട് മുഖ്യമന്ത്രി പനീര്‍ശെല്‍വം തന്‍റെ നിലപാട് വ്യക്തമാക്കിയത് എന്നാണ് സൂചന.

ശശികലയെ നേതൃസ്ഥാനത്തേക്ക് നിയമിക്കുന്നതില്‍ എതിര്‍പ്പുമായി പാര്‍ട്ടിയിലെ ഒരു വിഭാഗം അണികള്‍ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. പോയസ് ഗാര്‍ഡന് മുന്നില്‍ പ്രതിഷേധിച്ചാണ് അണികള്‍ തീരുമാനത്തിലുള്ള രോഷം അറിയിച്ചത്. എതിര്‍പ്പ് അറിയിച്ച് ജയലളിതയുടെ സഹോദരി പുത്രി ദീപയും രംഗത്തെത്തി. ജയലളിതയുടെ രാഷ്ട്രീയ പിന്‍ഗാമിയാകാന്‍ താന്‍ ഒരുക്കമാണ്. നേതൃത്വം ഏറ്റെടുക്കാനുളള ശശികലയുടെ നീക്കം ജനാധിപത്യ വിരുദ്ധമാണെന്നും ജനങ്ങള്‍ ആഗ്രഹിച്ചാല്‍ താന്‍ രാഷ്ട്രീയത്തിലിറങ്ങുമെന്നുമാണ് ദീപയുടെ പ്രതികരണം.