പനീര്‍ ശെല്‍വം പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

തമിഴ്‌നാട്‌ മുഖ്യമന്ത്രിയായി പനീര്‍ ശെല്‍വം സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. എന്ന് വെളുപ്പിന് രാജ്ഭവനിലായിരുന്നു ചടങ്ങ്. ജയലളിതയുടെ മരണം സ്ഥിതീകരിച്ച് മണിക്കൂറുകള്‍ക്കകം തന്നെ ആണ് സത്യപ്രതിജ്ഞ എന്നത് ശ്രദ്ധേയമാണ്. 31 മന്ത്രിമാരും കൂടെ സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെ പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന എംഎല്‍എമാരുടെ യോഗം ഒപിഎസ് എന്ന ഒ.പനീര്‍ശെല്‍വത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തിരുന്നു.

പാര്‍ട്ടി ആസ്ഥാനത്തെ യോഗത്തിന് ശേഷം എംഎല്‍എമാര്‍ പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തില്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. തുടര്‍ന്ന് ഗവര്‍ണര്‍ ഔദ്യോഗികമായി ജയലളിതയുടെ മരണവാര്‍ത്ത ജനങ്ങളെ അറിയിക്കുകയും രണ്ട് നിമിഷത്തെ മൗനപ്രാര്‍ത്ഥനയ്ക്ക് ശേഷം പനീര്‍ശെല്‍വം  മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയുമായിരുന്നു.

ജയലളിതയുടെ വകുപ്പുകള്‍ പനീര്‍ശെല്‍വം ഏറ്റെടുത്തു. മറ്റു മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമില്ല. നേരത്തെ 33 അംഗ മന്ത്രിസഭയായിരുന്നു ഉണ്ടായിരുന്നത്.

അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ജയലളിത ജയിലില്‍ ആയിരുന്നപ്പോഴും ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന കാലത്തും ഒ. പനീര്‍ശെല്‍വമാണ് മുഖ്യമന്ത്രിയുടെ ചുമതലകള്‍ വഹിച്ചിരുന്നത്.

തേവര്‍ സമുദായത്തിന്റെ ഉപജാതിയായ മരവര്‍ വിഭാഗത്തില്‍ പെട്ടയാളാണ് ഒ.പനീര്‍ശെല്‍വം. 1980കളില്‍ ജന്മനാടായ തേനിയില്‍ ചായക്കട നടത്തിയും സ്വകാര്യ കാന്റീന്‍ നടത്തിയും ജീവിച്ചിരുന്ന പനീര്‍ശെല്‍വം എംജിആര്‍ അനുഭാവിയായിരുന്നു. പിന്നീട് എംജിആറിന്റെ മരണശേഷമാണ് അണ്ണാ ഡിഎംകെയില്‍ പനീര്‍ശെല്‍വം സജീവമാകുന്നത്.