പഞ്ചാബി ഹൗസിന്റെ രണ്ടാം ഭാഗം നടക്കാതെ പോയതിന്റെ പിന്നിലെ കാരണം വെളിപ്പെടുത്തി റാഫി!

റിലീസ് ചെയ്ത് ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷവും സൂപ്പര്‍ഹിറ്റായി നിലനില്‍ക്കുന്ന പഞ്ചാബി ഹൗസിന് രണ്ടാം ഭാഗം ചെയ്യാന്‍ താത്പര്യമുണ്ടായിരുന്നുവെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ റാഫി.   ഭാവിയില്‍ സിനിമയ്ക്ക് രണ്ടാം ഭാഗം സംഭവിച്ചു കൂടായ്കയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“പഞ്ചാബി ഹൗസിലെ എല്ലാവരെയും ഒരിക്കല്‍ കൂടി വിളിച്ചു ചേര്‍ക്കണമെന്ന് ആഗ്രഹിച്ചിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് വിളിക്കാമെന്നൊക്കെയാണ് കരുതിയിരുന്നത്. ഹനീഫിക്കയും മച്ചാന്‍ വര്‍ഗീസും ഇപ്പോഴില്ല. ഉള്ളവരെയൊക്കെ ഒരു ദിവസം ഒരുമിച്ചു ചേര്‍ക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ ആ സിനിമ നടന്നില്ല. ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്ന രീതിയില്‍ ഒരു സിനിമ ഹിന്ദിയില്‍ വന്നു. അതുകൊണ്ട് പഞ്ചാബി ഹൗസിന്റെ രണ്ടാം ഭാഗം തത്കാലമില്ല. ഇനി സംഭവിച്ചു കൂടായ്കയില്ല.

പഞ്ചാബി ഹൗസില്‍ ആദ്യം നായികയായി ഉണ്ടായിരുന്നത് ജോമോള്‍ മാത്രമായിരുന്നെന്നും അവസാന നിമിഷമാണ് മോഹിനി ചിത്രത്തിലേക്ക് വന്നതെന്നും റാഫി പറയുന്നു. “ജോമോള്‍ മാത്രമായിരുന്നു നായികയായി ആദ്യം സിനിമയിലുണ്ടായിരുന്നത്. ദിലീപ് നേരത്തെ മോഹിനിയെ നിര്‍ദ്ദേശിച്ചെങ്കിലും തടി കൂടുതലാണെന്നു പറഞ്ഞു വേണ്ടെന്നു വച്ചു. മറ്റൊരു പുതുമുഖത്തെ വച്ച് ഒരു രംഗം ഷൂട്ട് ചെയ്തിരുന്നു. അത് ശരിയാവുന്നില്ലെന്ന് തോന്നി. പിന്നീട് നായിക ഇല്ലാതെ 10 ദിവസം ഷൂട്ടിങ് നടന്നു.

ഒടുവില്‍ ആ കഥാപാത്രമില്ലാതെ ഷൂട്ടിങ് മുന്നോട്ടു പോകില്ലെന്ന അവസ്ഥയെത്തി. അപ്പോഴാണ് മോഹിനി ഒരു പരിപാടിക്കായി കൊച്ചിയിലെത്തുന്നത്. നേരെ പോയി കാര്യങ്ങള്‍ സംസാരിച്ചു. തടി കൂടുതലായതിനാല്‍ ആദ്യം പരിഗണിച്ചില്ലെന്ന വിവരമൊക്കെ അവര്‍ അറിഞ്ഞിരുന്നു. എങ്കിലും അവര്‍ സമ്മതിച്ചു. പിറ്റെ ദിവസം തന്നെ ഷൂട്ടിങ്ങിനെത്തി. മറ്റൊരു ചിത്രത്തിനായി മോഹിനി ആംഗ്യഭാഷ പഠിച്ചിരുന്നതു കൊണ്ട് കാര്യങ്ങള്‍ എളുപ്പമായി.