എയര്‍ഹോസ്റ്റസുമാരെ അപമാനിച്ച യാത്രക്കാരന്‍ അറസ്റ്റില്‍

മദ്യപിച്ചെത്തിയ യാത്രക്കാരന്‍ ജെറ്റ് എയര്‍വേയ്‌സിലെ രണ്ട് എയര്‍ ഹോസ്റ്റസുമാരെ കടന്നുപിടിച്ചു. ശനിയാഴ്ച രാവിലെ മുംബൈനാഗ്പൂര്‍ വിമാനത്തിലായിരുന്നു സംഭവം. എയര്‍ ഹോസ്റ്റസുമാരുടെ പരാതിയെത്തുടര്‍ന്ന് 23 കാരനായ ആകാശ് ഗുപ്ത എന്ന യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഗോവയില്‍ അവധി ചിലവഴിക്കാന്‍ പോയി തിരിച്ചുവരികയായിരുന്നു ബിസിനസ്സുകാരനായ ഗുപ്!ത.

മദ്യപിച്ച് ലക്കുകെട്ട ഇയാള്‍ ഭക്ഷണം വിളമ്പുകയായിരുന്ന എയര്‍ ഹോസ്റ്റസിന്റെ കയ്യില്‍ കടന്നുപിടിക്കുകയായിരുന്നു. ഉടന്‍തന്നെ ഇവര്‍ മറ്റു ജീവനക്കാരെ വിവരമറിയിച്ചെങ്കിലും ഇയാള്‍ അവരോടും തര്‍ക്കിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ഫ്‌ലൈറ്റ് ക്യാപ്റ്റനെ വിവരം അറിയിക്കുകയും ക്യാപ്റ്റന്‍ സിഐഎസ്എഫിന് പരാതി കൈമാറുകയുമായിരുന്നു. സിഐഎസ്എഫ് സോനേഗാവ് പോലീസിനെ വിളിച്ചുവരുത്തി ഇയാളെ കൈമാറുകയായിരുന്നു. സ്ത്രീ കള്‍ക്കെതിരായ അക്രമത്തിന് ഇയാള്‍ക്കെതിരെ കേസെടുത്തു.