മുന്‍ഗണനേതര കാര്‍ഡുകാര്‍ക്കുള്ള സൗജന്യ അരി ഡിസംബര്‍ വരെ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി

പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുന്‍ഗണനേതര കാര്‍ഡുകാര്‍ക്ക് ഡിസംബര്‍വരെ സൗജന്യമായി അഞ്ച് കിലോ വീതം അരി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെപ്തംബറിലും ഒക്ടോബറിലും സൗജന്യമായി അരി നല്‍കാനായിരുന്നു നേരത്തേ തീരുമാനിച്ചത്. എന്നാല്‍, പ്രളയത്തെത്തുടര്‍ന്ന് ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് തുടര്‍ന്നും സഹായം ഉറപ്പുവരുത്താനാണ് ഡിസംബര്‍വരെ നീട്ടുന്നത്. സംസ്ഥാനത്തിന് അധികമായി ലഭിച്ച അരിവിഹിതത്തില്‍നിന്നാണ് സൗജന്യ അരി നല്‍കുക. മുന്‍ഗണനാ കാര്‍ഡുകാര്‍ക്ക് നിലവില്‍ സൗജന്യ അരിയും ധാന്യങ്ങളും ലഭിക്കുന്നുണ്ട്.

പ്രളയബാധിത മേഖലയിലെ ദുര്‍ബലവിഭാഗങ്ങള്‍ക്കും സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്നവര്‍ക്കും 500 രൂപ വിലവരുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റും നല്‍കുന്നുണ്ട്. അരിയും പലവ്യഞ്ജനങ്ങളും ഉള്‍പ്പെടെ ആറ് ഇനങ്ങളടങ്ങിയ കിറ്റുകള്‍ സപ്ലൈകോ തയ്യാറാക്കി. കലക്ടര്‍മാരുടെ നേതൃത്വത്തില്‍ റവന്യൂ വകുപ്പ് നല്‍കുന്ന കണക്കനുസരിച്ചാണ് കിറ്റുകള്‍ വിതരണം ചെയ്യുക. റേഷന്‍ മുന്‍ഗണനാ പട്ടികയിലുള്ളവര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗക്കാര്‍, അഗതികള്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്ക് കിറ്റ് നല്‍കും.

പ്രളയത്തെത്തുടര്‍ന്ന് സൗജന്യ ധാന്യം അനുവദിക്കണമെന്ന് സംസ്ഥാനം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രം 89,540 ടണ്‍ അരി അനുവദിച്ചെങ്കിലും കിലോഗ്രാമിന് 25 രൂപ വീതം പിന്നീട് ഈടാക്കുമെന്ന് അറിയിച്ചു. അരി ഏറ്റെടുത്തില്ലെങ്കില്‍ വിഹിതം നഷ്ടമാകുമെന്നതിനാല്‍ സംസ്ഥാനം അരി ഏറ്റെടുത്തു. ഇതാണ് സൗജന്യമായി നല്‍കുന്നതെന്ന് അദേഹം അറിയിച്ചു.

Show More

Related Articles

Close
Close