പി.കൃഷ്ണദാസിന്റെ അറസ്റ്റ്: പൊലീസ് നടപടിയില്‍ ഹൈക്കോടതിക്ക് അതൃപ്തി

നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട പൊലീസ് നടപടിയില്‍ ഹൈക്കോടതിക്ക് അതൃപ്തി. ജാമ്യം കിട്ടുന്ന വകുപ്പുകള്‍ ചുമത്തിയാണ് കൃഷ്ണദാസിനെ ആദ്യം അറസ്റ്റ് ചെയ്തത്. പ്രതിക്ക് നല്‍കിയ നോട്ടീസില്‍ ചുമത്തിയിരിക്കുന്നതും ജാമ്യം ലഭിക്കുന്ന വകുപ്പുകളായിരുന്നു. തുടര്‍ന്ന് ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ പൊലീസ് കൂട്ടിച്ചേര്‍ത്ത് കൃഷ്ണദാസിനെ റിമാന്‍ഡ് ചെയ്യുക ആയിരുന്നു. ഇത് എന്തിന്റെ അടിസ്ഥാനത്തില്‍ ആണെന്ന് ഹൈക്കോടതി ചോദിച്ചു. അറസ്റ്റിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥന് കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ അധികാരമുണ്ടെന്ന മറുപടി ആയിരുന്നു ഇതിന് പ്രോസിക്യൂഷന്‍ നല്‍കിയതും. എന്നാല്‍ ഈ മറുപടിയിലും ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. തുടര്‍ന്ന് കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസിലാണ് കൃഷ്ണദാസ് അടക്കം നാലുപേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇന്നലെ കൃഷ്ണദാസിന്റെ അറസ്റ്റിനെ അതിരൂക്ഷമായ ഭാഷയിലാണ് ജസ്റ്റിസ് എബ്രഹാം മാത്യുവിന്റെ ബെഞ്ച് വിമര്‍ശിച്ചത്. കോടതിയെ വിഡ്ഢിയാക്കാന്‍ ശ്രമിക്കരുതെന്നും വിഡ്ഢിയാക്കുന്ന പൊലീസിനെ എന്തു ചെയ്യണമെന്ന് അറിയാമെന്നും കോടതി വിമര്‍ശിച്ചു. കേസില്‍ പുതിയ വകുപ്പുകള്‍ ചേര്‍ത്തത് ദുരുദ്ദേശപരമെന്നും വകുപ്പുകള്‍ ചേര്‍ത്തത് വ്യാജമാണെങ്കില്‍ ഉദ്യോഗസ്ഥന്‍ സര്‍വ്വീസിലുണ്ടാകില്ലെന്നുമുളള നിരീക്ഷണങ്ങളും ജസ്റ്റിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. പൊലീസിന്റെ സമീപനം ഇതാണെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നും പൊലീസിനോടുളള അതൃപ്തി ഹൈക്കോടതി പ്രകടിപ്പിച്ചത്.

ലക്കിടി കോളെജിലെ വിദ്യാര്‍ത്ഥി നല്‍കിയ പരാതിയിലാണ് പൊലീസ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത്. കൃഷ്ണദാസടക്കം നാലുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലീഗല്‍ അഡൈ്വസര്‍ സുചിത്ര, പിആര്‍ഒ വത്‌സല കുമാര്‍, അധ്യാപകന്‍ സുകുമാരന്‍ എന്നിവരാണ് അറസ്റ്റിലായത്. തട്ടിക്കൊണ്ടു പോകല്‍, മര്‍ദ്ദനം, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് കൃഷ്ണദാസിനെതിരെ ചുമത്തിയിരുന്നത്. ലക്കിടിയിലെ നെഹ്രു അക്കാദമിക് ലോ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ സഹീറിന്റെ പരാതിയന്‍ മേലാണ് പൊലീസ് നടപടി. തന്നെ മര്‍ദിച്ചെന്ന് കാട്ടിയായിരുന്നു സഹീറിന്റെ പരാതി. തൃശൂര്‍ പഴയന്നൂര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.