പി.കെ ശശിയുടെ പൊതുപരിപാടികള്‍ റദ്ദാക്കി; അനാരോഗ്യമെന്ന് വിശദീകരണം

സ്ത്രീപീഡന പരാതിയില്‍ സിപിഎം നിലപാട് കര്‍ശനമാക്കിയതോടെ പ്രതിരോധത്തിലായ ഷൊര്‍ണൂര്‍ എംഎല്‍എ. പൊതുപരിപാടികള്‍ റദ്ദാക്കി തുടങ്ങി. ചെര്‍പ്പുളശ്ശേരിയില്‍ നടക്കേണ്ട സ്‌കൂള്‍ ബസ് ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹം എത്തില്ലെന്ന് അറിയിപ്പ് നല്‍കിയത്.. ഇന്നു വൈകിട്ട് മൂന്നു മണിക്കാണ് പരിപാടി നടക്കേണ്ടിയിരുന്നത്.

അനാരോഗ്യത്തെ തുടര്‍ന്നാണ് പരിപാടിയില്‍ പങ്കെടുക്കാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. ആരോപണത്തെ നേരിടാനുള്ള കമ്മ്യൂണിസ്റ്റ് ആരോഗ്യം തനിക്ക് ഉണ്ടെന്നതടക്കമുള്ള പി.കെ ശശിയുടെ പ്രസ്താവനകള്‍ വിവാദമായിരുന്നു.
പീഡനപരാതിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രത്യക്ഷസമരവുമായി തെരുവിലിറങ്ങിയതോടെ ഷൊര്‍ണൂര്‍ എംഎല്‍എയെ നിയന്ത്രിച്ച് സിപിഎം സംസ്ഥാനഘടകം രംഗത്ത് വന്നിരുന്നു. പി.കെ. ശശി എംഎല്‍എ പരസ്യപ്രസ്താവനകളില്‍ നിന്നു വിട്ടു നില്‍ക്കണമെന്നും പ്രകോപനം ഒഴിവാക്കണമെന്നും പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, പികെ ശശിക്കെതിരായ പീഡനപരാതി മറച്ചു വെയ്ക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പറഞ്ഞു. തനിക്ക് കിട്ടിയ പരാതി അപ്പോള്‍ തന്നെ സംസ്ഥാന നേതൃത്വത്തിന് കൈമാറി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വെച്ചു പൊറുപ്പിക്കില്ലെന്നും വൃന്ദ കാരാട്ട് കൂട്ടിച്ചേര്‍ത്തു. താന്‍ പരാതി പൂഴ്ത്തിയെന്നുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. സ്ത്രീകള്‍ക്ക് എതിരായ ലൈംഗിക അതിക്രമങ്ങള്‍ പാര്‍ട്ടി വെച്ചു പൊറുപ്പിക്കില്ലെന്നും അവര്‍ പറഞ്ഞു. കേന്ദ്ര നേതൃത്വത്തിന് പരാതി ലഭിക്കുന്നതിനു മുമ്പ് സംസ്ഥാന നേതൃത്വം നടപടി എടുത്തിരുന്നെന്നും വൃന്ദാ അറിയിച്ചു.