കടലിലെ പ്ലാസറ്റിക് മാലിന്യം നമ്മുടെ തീന്‍മേശയിലുമെത്തുന്നു; പ്രമുഖ ബ്രാന്‍ഡുകളുടെ ഉപ്പില്‍ കൂടിയ അളവില്‍ പ്ലാസ്റ്റിക് കണികകള്‍

നാം ഉപയോഗിച്ച ശേഷം പ്രകൃതിയിലേക്കും സമുദ്രത്തിലേക്കും വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഭക്ഷപദാര്‍ഥങ്ങളിലൂടെ നമ്മളിലേക്ക് തന്നെ തിരിച്ചെത്തുന്നതായി പഠനങ്ങള്‍. പ്ലസ്റ്റിക് മലിന്യങ്ങളുടെ നാശവുമായി ബന്ധപ്പെട്ട് മുംബൈ ഐഐടിയിലെ ഗവേഷക ടീം നടത്തിയ പഠനത്തിലാണ് പ്ലാസ്റ്റിക് മലിന്യങ്ങള്‍ കുറഞ്ഞ അളവിലെങ്കിലും മനുഷ്യശരീരത്തിലേക്ക് പ്രവേശിക്കുന്നതായി വെളിപ്പെട്ടത്. ഭക്ഷണത്തോടൊപ്പം നമ്മള്‍ കഴിക്കുന്ന ഉപ്പിനെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പുറത്തുവന്നത്.രാജ്യത്തെ പ്രമുഖ കമ്പനികളുടെ ബ്രാന്‍ഡഡ് ഉപ്പുകളില്‍ പലതിലും പ്ലാസ്റ്റിക്കിന്റെ അംശം ഉണ്ടെന്ന് പഠനം തെളിയിക്കുന്നു. പ്ലാസ്റ്റിക്കിന്റെ ചെറുകണികകളാണ് മൈക്രോപ്ലാസ്റ്റിക്ക്.

ഐഐടി ബിസിനസ് സ്‌കൂളിലെ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗില്‍ നടത്തിയ പഠനത്തില്‍ 626 മൈക്രോപ്ലാസ്റ്റിക്ക് കണികകള്‍ ടെസ്റ്റിങ് സാമ്പിളില്‍ കണ്ടെത്തി. ഇതില്‍ 63 ശതമാനം തരികളോടുകൂടിയ പ്ലാസ്റ്റികും 37 ശതമാനം നാരുകളോടു കൂടിയ പ്ലാസ്റ്റിക്കുമാണ്. ഒരു കിലോഗ്രാം ഉപ്പില്‍ 63.76 മൈക്രോഗ്രാം പ്ലാസ്റ്റിക് കണികകളാണുള്ളത്. ഒരു വ്യക്തി ഒരു ദിവസം ശരാശരി 5 ഗ്രാം മൈക്രോപ്ലാസ്റ്റിക്കുകള്‍ ഉപ്പിലൂടെ ശരീരത്തിനകത്താക്കുന്നുണ്ട്. ഓരോ വര്‍ഷവും ശരാശരി 117 മൈക്രോഗ്രാം പ്ലാസ്റ്റിക് അകത്താക്കുന്നവെന്ന് പഠനം പറയുന്നു.

പ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്താനായി ശാസ്ത്രജ്ഞര്‍ നടത്തിയ ഏറ്റവും പുതിയ പഠനമാണിത്. സമുദ്രത്തില്‍ കാലാകാലങ്ങളായി അടിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് വിഘടിച്ച് അടിഞ്ഞു കൂടുന്ന വെള്ളം ഉപ്പ് കുറുക്കിയെടുക്കാനായി ഉപയോഗിക്കുന്നതിലൂടെയാണ് ഉപ്പില്‍ പ്ലാസ്റ്റിക് സാന്നിധ്യം ഉണ്ടാകുന്നത്. ഐഐടി ബോംബെയിലെ പ്രൊഫസറായ അമൃത്ഷു ശ്രീവാസ്തവ്, ചന്ദന്‍ കൃഷ്ണ സേത് എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. ഇന്റര്‍നാഷണല്‍ ജേര്‍ണലായ പരിസ്ഥിതി സയന്‍സ് ആന്‍ഡ് പൊല്യൂഷന്‍ റിസര്‍ച്ചില്‍ ഓഗസ്റ്റ് 25 നാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.