പ്രധാനമന്ത്രിക്കെതിരെ കീഴാളന്‍ പ്രയോഗം: മണിശങ്കര്‍ അയ്യര്‍ക്ക് മറുപടിയുമായി നരേന്ദ്ര മോഡി

പ്രധാനമന്ത്രി നരേന്ദ്ര മോഡി കീഴാളനും അപരിഷ്‌കൃതനുമാണെന്ന അര്‍ത്ഥത്തില്‍ ‘നീച്’ പ്രയോഗം നടത്തിയ കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍ക്ക് മറുപടിയുമായി നരേന്ദ്ര മോഡി. ഗുജറാത്തിലെ ബന്‍സ്‌കന്തയില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴാണ് മണി ശങ്കര്‍ അയ്യര്‍ക്ക് മോഡി മറുപടി നല്‍കിയത്.

തന്റെ തലയ്ക്ക് ഇനാം നല്‍കാനാണോ മണി ശങ്കര്‍ അയ്യര്‍ പാകിസ്താനില്‍ പോയതെന്ന് മോഡി ചോദിച്ചു. മോഡിയെ മാറ്റു പിന്നീട് ഇന്ത്യാ പാകിസ്താന്‍ സമാധാന ശ്രമങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്ന് അറിയാം എന്നായിരുന്നു അയ്യര്‍ പാകിസ്താനിലെ ആളുകളോട് പറഞ്ഞതെന്ന് മോഡി പറഞ്ഞു. എന്നെ മാറ്റുക എന്നത് കൊണ്ട് അദ്ദേഹം എന്താണ് ഉദ്ദേശിച്ചത് ? ഞാനെന്ത് തെറ്റാണ് ചെയ്തത് ? എനിക്ക് ജനങ്ങളുടെ അനുഗ്രഹമുള്ളതാണോ കുഴപ്പം? – മോഡി ചോദിച്ചു.

ബനസക്തയില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ റിസോര്‍ട്ട് നിര്‍മ്മാണത്തിന്റെ തിരക്കിലായിരുന്നെന്ന് ആരോപിച്ച മോഡി ഈ പ്രദേശം ദുരിതത്തിലായിരുന്നപ്പോള്‍ സഹായിക്കാതെ ഇരുന്നവര്‍ ജില്ലയെയോ സംസ്ഥാനത്തെയോ സഹായിക്കില്ലെന്നും പറഞ്ഞു. ഇന്നലെയായിരുന്നു കോണ്‍ഗ്രസ് നേതാവ് കീഴാളന്‍, അപരിഷ്‌കൃതന്‍ എന്നീ അര്‍ത്ഥങ്ങള്‍ വരുന്ന നീച് എന്ന പ്രയോഗം നരേന്ദ്ര മോഡിക്കെതിരെ നടത്തിയത്. രാഗുല്‍ഗാന്ധി  ഉള്‍പ്പെടെ ഇതിനെതിരെ രംഗത്ത് വരികയും പിന്നാലെ അദ്ദേഹത്തെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് ഒഴിവാക്കുകയുമായിരുന്നു.