നീരവ് മോദിയെ മോദി സര്‍ക്കാര്‍ പാഠം പഠിപ്പിക്കുമെന്നു ബാബ രാംദേവ്

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി നീരവ് മോദിയെ മോദി സര്‍ക്കാര്‍ പാഠം പഠിപ്പിക്കുമെന്നു യോഗ ഗുരു ബാബ രാംദേവ്. തട്ടിപ്പ് വീരനായ നീരവിനെ ശരിയായ സ്ഥലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിക്കും. ബാങ്ക് തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയുടെ നടപടിക്കതിരെ കേന്ദ്രം ശക്തമായ നിലപാട് സ്വീകരിക്കും.  ലളിത് മോദി, നീരവ് മോദി, എന്നിവരെ പോലുള്ളവര്‍ രാജ്യത്തിന് അപമാനമാണ്. ഇവര്‍ അഴിമതിക്കാരാണ്. അഴിമതി നടത്തിയവര്‍ക്ക് ഉചിതമായ ശിക്ഷ ലഭിക്കണമെന്നും രാംദേവ് പറഞ്ഞു.

11,360 കോടി രൂപയുടെ തട്ടിപ്പാണ് നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടത്തിയത്. ബാങ്കില്‍ ഇയാളുടെ പേരില്‍ തന്നെ വിവിധ അക്കൗണ്ടുകള്‍ സൃഷ്ടിച്ചാണ് പണം തട്ടിയെടുത്തത്. വിദേശത്തേക്ക് കടന്ന ഇയാള്‍ പിന്നീട് അവിടെ നിന്നാണ് പണം പലപ്പോഴായി പിന്‍വലിച്ചിരുന്നത്.  മുംബൈയിലെ ശാഖയില്‍ സമീപിച്ച ഇയാള്‍ വിദേശ വ്യാപരത്തിനുള്ള ‘ലെറ്റര്‍ ഓഫ് ക്രെഡിറ്റ്’ ആവശ്യപ്പെടുകയും പിന്നീട് ഇതിനുള്ള തുക ബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്തു.