നോട്ട് അസാധുവാക്കൽ വേണ്ടിയിരുന്നത് ഇന്ദിരയുടെ കാലത്ത്; കോൺഗ്രസിനെതിരെ മോദി

1971–ൽ ഇന്ദിരാ ഗാന്ധി നോട്ട് അസാധുവാക്കൽ നടപ്പാക്കിയിരുന്നെങ്കിൽ രാജ്യം ഇന്നു കാണുന്നതു പോലെയാവില്ലായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ദിരയുടെ കാലത്ത് ഉദ്യോഗസ്ഥരും മന്ത്രിമാരും നോട്ട് അസാധുവാക്കാൻ നിർേദശിച്ചിരുന്നതാണ്. എന്നാൽ, പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഇതിന് അനുവദിച്ചിരുന്നില്ല. ഒരു പുസ്തകത്തിലാണ് ഇത്തരമൊരു പ്രതികരണം വന്നത്. ഈ സംഭവം ഉദ്ധരിച്ചാണ് മോദി ഇന്ദിരയെ കുറ്റപ്പെടുത്തിയത്. 10 വർഷം പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് കള്ളപ്പണത്തിനെതിരെ ഒന്നും ചെയ്തില്ലെന്നും മോദി കുറ്റപ്പെടുത്തി.

2ജി, കൽക്കരി തുടങ്ങിയ അഴിമതിക്കെതിരെ അന്ന് പ്രതിപക്ഷമായിരുന്ന എന്‍ഡിഎ ഒരുമിച്ചു നിന്നിരുന്നു. എന്നാൽ, ഇപ്പോൾ കള്ളപ്പണവും അഴിമതിയും തടയാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങൾക്കെതിരെയാണു ഇന്നത്തെ പ്രതിപക്ഷം യോജിക്കുന്നതെന്നും മോദി പറഞ്ഞു.നോട്ട് അസാധുവാക്കിയതുമായി ബന്ധപ്പെട്ട സർക്കാർ നിലപാട് എംപിമാർ മണ്ഡലങ്ങളിലെ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടെന്നു കേന്ദ്രമന്ത്രി അനന്ത് കുമാർ അറിയിച്ചു. നോട്ട് അസാധുവാക്കിയ വിഷയം യോഗത്തിൽ പ്രധാന ചർച്ചയായിരുന്നുവെന്നും മന്ത്രി അറിയിച്ചു. ഡിജിറ്റൽ സമ്പദ് വ്യവസ്ഥ ജനങ്ങൾ ജീവിത ശീലമാക്കണമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇത്, സുതാര്യവും പ്രായോഗികവുമാണെന്നും മോദി പാർലമെന്ററി പാർട്ടി യോഗത്തിൽ പറഞ്ഞുവെന്ന് അനന്ത് കുമാർ അറിയിച്ചു.