പ്രധാനമന്ത്രി മോദി അടക്കമുള്ള നേതാക്കള്‍ രാവിലെ ചെന്നൈയിലെത്തും

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ പ്രധാനമന്ത്രി മോദി ബുധനാഴ്ച രാവിലെ ചെന്നൈയിലെത്തും. വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും,പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ബുധനാഴ്ച ചെന്നൈയിലെത്തും.

തമിഴ്‌നാട് സര്‍ക്കാര്‍ ഒരാഴ്ചത്തെ ദുഃഖാചരണവും ബുധനാഴ്ച പൊതുഅവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. പുതുച്ചേരി സര്‍ക്കാരും ബുധനാഴ്ച പൊതു അവധിയും മൂന്ന് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. കാവേരി ആശുപത്രിയില്‍നിന്ന് ഗോപാലപുരത്തെ കരുണാനിധിയുടെ വസതിയിലെത്തിക്കുന്ന മൃതദേഹം പിന്നീട് രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

സംസ്ഥാനത്തെ മദ്യഷോപ്പുകള്‍ പൂട്ടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ എല്ലാ തീയേറ്ററുകളും ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ചയും അടച്ചിടും. ടിക്കറ്റ് നിരക്ക് തിരിച്ചുനല്‍കുമെന്ന് തീയേറ്റര്‍ ഉടമകള്‍ അറിയിച്ചു. കലൈഞ്ജറുടെ മൃതദേഹം സംസ്‌കരിക്കുന്നതുവരെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുമെന്ന് തമിഴ്‌നാട് ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി വൃത്തങ്ങള്‍ വ്യക്തമാക്കി.