പാക് അധീന കശ്മീര്‍ അഭയാര്‍ഥികള്‍ക്ക് 2,000 കോടിയുടെ പാക്കേജ്

പാക് അധീന കശ്മീരില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്കായുള്ള 2,000 കോടിരൂപയുടെ പാക്കേജിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആഭ്യന്തര മന്ത്രാലയമാണ് പദ്ധതി അവതരിപ്പിച്ചത്. ഇതിന് അംഗീകാരം നല്‍കിയതോടെ 36,384 കുടുംബങ്ങള്‍ക്കാണ് പ്രയോജനപ്പെടുക.

പാക്കേജ് പ്രകാരം സഹായ ധനം ഒറ്റത്തവണ തീര്‍പ്പാക്കലായി നല്‍കും.  പാക് അധീന കശ്മീരില്‍ നിന്നുള്ള ഇവരില്‍ ഭൂരിഭാഗവും ജമ്മു, കത്വ, രജൗറി ജില്ലകളിലായാണ് താമസിക്കുന്നത്. അതേസമയം ഇവര്‍ക്ക് ജമ്മുകശ്മീരില്‍ പൗരത്വമില്ല.ഓരോ കുടുംബത്തിനും 5.5 ലക്ഷം രൂപയാണ് പാക്കേജ് പ്രകാരം ലഭിക്കുക. അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ വഴി പണം വിതരണം ചെയ്യും.