കാന്റീൻ ജീവനക്കാരനെ മർദിച്ച കേസ്; പി.സി. ജോർജിനെതിരെ കുറ്റപത്രം

കാന്റീന്‍ ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ പി സി ജോര്‍ജ് എംഎല്‍എക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എംഎല്‍എയെ പ്രതിയാക്കി മ്യൂസിയം പൊലീസാണ് കുറ്റപത്രം നല്‍കിയത്. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നിയമസഭാ ഹോസ്റ്റല്‍ കാന്റീനില്‍ 2017 ഫെബ്രുവരി 27നായിരുന്നു സംഭവം. ഭക്ഷണം കൊണ്ടുവരാന്‍ താമസിച്ചെന്നരോപിച്ചായിരുന്നു കയ്യേറ്റം.

ഉച്ചയൂണ് എത്തിക്കാൻ വൈകിയതിന്റെ പേരിൽ തന്നെ മർദിച്ചെന്നാണു ജീവനക്കാരൻ വട്ടിയൂർക്കാവ് സ്വദേശി മനു പരാതി നൽകിയത്. കന്റീനിൽനിന്നു മുറിയിൽ ഊണ് എത്തിക്കാൻ ഒന്നര മണിയോടെ ജോർജ് ആവശ്യപ്പെട്ടു. ചോറെത്തിക്കാൻ 20 മിനിറ്റ് താമസമുണ്ടായി. താൻ മുറിയിലെത്തുമ്പോൾ ജോർജ് കന്റീനിൽ ഫോൺ ചെയ്തു ചീത്ത പറയുകയായിരുന്നു. തന്നെയും ചീത്ത വിളിച്ചു. മുഖത്ത് അടിച്ചു. പിന്നാലെ അദ്ദേഹത്തിന്റെ പിഎയും മർദിച്ചു. തന്റെ ചുണ്ടിലും കണ്ണിലും പരുക്കേറ്റു. തുടർന്നു വൈകിട്ടു ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. കന്റീൻ ജീവനക്കാരോട് ഈ എംഎൽഎ മോശമായി പെരുമാറുന്നതു പതിവാണെന്നും മനു പരാതിയിൽ പറഞ്ഞിരുന്നു.