ചക്കുളത്തുകാവില്‍ കാര്‍ത്തിക പൊങ്കാല ഇന്ന്‌

51qDtV0PZkLചക്കുളത്തുകാവില്‍ ഭഗവതി ക്ഷേത്രത്തിലെ കാര്‍ത്തിക പൊങ്കാല ഇന്ന്‌. ഭക്‌തജനങ്ങളെക്കൊണ്ട്‌ ഇന്നലെ വൈകുന്നേരത്തോടെ ക്ഷേത്രപരിസരം നിറഞ്ഞു. പൊങ്കാല അടുപ്പുകള്‍ നിരത്തി വൈകുന്നേരം മുതല്‍ സ്‌ത്രീകള്‍ കാത്തുനില്‍ക്കുകയാണ്‌. രാത്രിയോടെ രണ്ടു കിലോമീറ്ററുകളോളം ദൂരത്തില്‍ അടുപ്പുകള്‍ നിരന്നു. ക്ഷേത്രമൈതാനത്തും പ്രധാന നിരത്തിലും ഇടവഴികളിലും പൊങ്കാല ഇടാന്‍ സജ്‌ജീകരണം ഒരുക്കിയിട്ടുണ്ട്‌.ആറു ലക്ഷത്തോളം ഭക്‌തര്‍ ഇത്തവണ പൊങ്കാലയില്‍ പങ്കെടുക്കുമെന്നു ക്ഷേത്ര ട്രസ്‌റ്റ്‌ അധികൃതര്‍ പറഞ്ഞു.
പുലര്‍ച്ചെ നാലിനു ഗണപതിഹോമം, നിര്‍മാല്യദര്‍ശനം എന്നിവയോടെ ചടങ്ങുകള്‍ ആരംഭിക്കും. എട്ടിനു വിളിച്ചുചൊല്ലി പ്രാര്‍ഥന, ഒമ്പതിനു കൊടിക്കുന്നില്‍ സുരേഷ്‌ എം.പി. പൊങ്കാലയുടെ ഉദ്‌ഘാടനം നിര്‍വഹിക്കും. യോഗക്ഷേമ സഭ സംസ്‌ഥാന പ്രസിഡന്റ്‌ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്‌ ഭദ്രദീപം തെളിക്കും. വി.എച്ച്‌.പി. സംസ്‌ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യും.
9.30-ന്‌ ക്ഷേത്ര ശ്രീകോവിലില്‍നിന്നു പണ്ടാര പൊങ്കാല അടുപ്പിലേക്കു ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്‌ണന്‍ നമ്പൂതിരി അഗ്നിപകരും. ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കും.
വൈകിട്ട്‌ അഞ്ചിനു നടക്കുന്ന സാംസ്‌കാരികസമ്മേളനം മന്ത്രി കെ. ബാബു ഉദ്‌ഘാടനം ചെയ്യും തുടര്‍ന്നു കാര്‍ത്തികസ്‌തംഭത്തിനു യു.എന്‍ വിദഗ്‌ധ സമിതി ചെയര്‍മാന്‍ ഡോ. സി.വി. ആനന്ദബോസ്‌ ഐ.എ.എസ്‌. അഗ്നിപകരും.